മലപ്പുറം: മുസ്ലിം ലീഗിലെ പൊട്ടിത്തെറിക്ക് പിന്നാലെ ലീഗിന്റെ വിദ്യാർത്ഥി വിഭാഗം സംഘടനയായ എംഎസ്എഫിലും പൊട്ടിത്തെറി. എംഎസ്എഫ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വനിതാ കമ്മീഷന് പരാതി നൽകി വനിതാ നേതാക്കൾ രംഗത്തെത്തി. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പത്തോളം സംസ്ഥാന ഭാരവാഹികളാണ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഉൾപ്പടെയുള്ളവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പികെ നവാസിന് പുറമെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ വഹാബ് തുടങ്ങിയവർക്കെതിരെയാണ് പരാതി.
സ്ത്രീവിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് പരാതി. എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയാണെന്ന് വനിതാ നേതാക്കൾ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എംഎസ്എഫിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലേക്കെത്തിയിരിക്കുന്നത്. മുസ്ലിംലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ നേതാക്കൾ സമീപിച്ചിരിക്കുന്നത്.
Discussion about this post