മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടന്ന തലക്കാട് പഞ്ചായത്തില്‍ ഇടതുമുന്നണിയ്ക്ക് മിന്നും വിജയം. തലക്കാട് പതിനഞ്ചാം വാര്‍ഡ് തിരഞ്ഞെടുപ്പില്‍ ഇടതിന്റെ സജ്‌ല 587 വോട്ടുകള്‍ക്ക് വിജയിച്ചു.
സ.സൈറാബാനുവിന്റെ ഓര്‍മ്മകളെ നെഞ്ചേറ്റിയ തലക്കാട്ടെ ജനങ്ങള്‍ എല്‍ഡിഎഫ് ഭരണത്തിന് കരുത്ത് പകര്‍ന്നിരിക്കുന്നു. സജ്‌ലയുടെ മൃഗീയ ഭൂരിപക്ഷത്തോടെയുള്ള വിജയത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ്:
ബിജെപിക്ക് ഒരു സീറ്റുള്ള മലപ്പുറം തിരൂരിലെ തലക്കാട് പഞ്ചായത്തില്‍ പാര്‍ട്ടിക്കൊപ്പം ജനങ്ങള്‍ ജയിച്ചു. എങ്ങിനെ എന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മങ്ങാട്ടിരിയിലെ ഒരു വാര്‍ഡിലെ തെരഞ്ഞെടുപ്പ് റിസള്‍ട്ട് ട്രെന്റ് കേരള സൈറ്റില്‍ ഇങ്ങനെയാണ്
രവി നിരത്തല 525(ബിജെപി)
ഗോവിന്ദന്‍ 522 ( സിപിഐഎം)
ധര്‍മ്മരാജന്‍ 56 (സ്വതന്ത്രന്‍)
മൂന്ന് വോട്ടുകള്‍ക്ക് ബിജെപി ജയിച്ചു. ആ വാര്‍ഡില്‍ മത്സരിച്ച ധര്‍മ്മരാജന്‍ യുഡിഎഫ് സ്വതന്ത്രന്‍ ആയിരുന്നു. യുഡിഎഫിന് കിട്ടിയ വോട്ടുകള്‍ കണ്ടാല്‍ തന്നെ ആ പഞ്ചായത്തിലെ അവസ്ഥ മനസ്സിലാക്കാമല്ലോ.
ആകെ 19 സീറ്റുള്ള കാലങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്തിലെ കക്ഷിനില നിലവില്‍ ഇങ്ങനെ ആയിരുന്നു
യുഡിഎഫ് 8
ബിജെപി 1
ഇടതുപക്ഷം 10
ഇതില്‍ പാറശ്ശേരി വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി സൈറാബാനു തെരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നതിന്റെ തലേന്ന് ഒരു ബൈക്ക് അപകടത്തില്‍ പെട്ട് മരണപെട്ടു. 484 വോട്ട് നേടിയ സഖാവ് സൈറാബാനുവിന്റെ വിജയം 248 വോട്ടുകള്‍ക്ക് ആയിരുന്നു.
എതിര്‍ സ്ഥാനാര്‍ഥിയായ കോണി ചിഹ്നത്തില്‍ മത്സരിച്ച മുസ്ലിം ലീഗിന്റെ സുലൈഖ ബീവിക്ക് കേവലം 236 വോട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 134 വോട്ടുകള്‍ നേടി ബിജെപി മൂന്നാം സ്ഥാനത്ത് ആയിരുന്നു.
പഞ്ചായത്ത് വീണ്ടും ജയിച്ച ആഘോഷം ഒന്നും തെരഞ്ഞെടുപ്പ് റിസള്‍ട്ട് വന്ന സമയത്ത് തലക്കാട് പഞ്ചായത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നില്ല. രണ്ടു തവണ പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന തലക്കാട് പഞ്ചായത്തിലെ സിപിഐഎമ്മിന്റെ കരുത്തുറ്റ വനിതാ നേതാവിന്റെ വേര്‍പാടിന്റെ വേദനയില്‍ ആയിരുന്നു അവര്‍.
അവരുടെ മരണത്തോടെ സിപിഐഎം അംഗങ്ങളുടെ എണ്ണം 9 ആയി മാറിയതോടെ പഞ്ചായത്ത് പിടിക്കാന്‍ എന്ത് രാഷ്ട്രീയ അധാര്‍മ്മികതയും ചെയ്യുന്ന അവസ്ഥയില്‍ ആയി. ഉപതെരഞ്ഞെടുപ്പ് ജയിച്ചാല്‍ ബിജെപി പിന്തുണയോടെ അവിശ്വാസം കൊണ്ട് വരാമെന്ന കണക്ക് കൂട്ടലില്‍ ആയിരുന്നു യുഡിഎഫ്. അതിന് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് കിട്ടാന്‍ വേണ്ടി മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയെ കോണി ചിഹ്നം ഉപേക്ഷിച്ച് മത്സരിപ്പിച്ചു.
എല്ലാകാലത്തും സിപിഐഎമ്മിന് ഒപ്പം അടിയുറച്ചു നില്‍ക്കുന്ന നാടാണ് തലക്കാട്. 20 വര്‍ഷമായി സിപിഐഎം ആണ് തലക്കാട് പഞ്ചായത്ത് ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി ജയിച്ചിട്ടും തലക്കാട് 2050 വോട്ടിന് സിപിഐഎം സ്ഥാനാര്‍ഥിയായിരുന്നു മുന്നില്‍. സിപിഐഎമ്മിനെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെയും പോകും എന്ന നിലപാടില്‍ ആയിരുന്ന യുഡിഎഫിന് കനത്ത തിരിച്ചടിയായി മാറി തെരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
സജ്‌ല (സിപിഐഎം) 587
ഷെര്‍ബീന ( കോണി ഉപേക്ഷിച്ച സ്വതന്ത്ര) 343
സുജാത (ബിജെപി) 74
സഖാവ് സജ്‌ല 244 വോട്ടുകള്‍ക്ക് വിജയിച്ചു
ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും കുറഞ്ഞത് 62 വോട്ട്. കോലീബി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും കൂടിയത് 107 വോട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും സിപിഐഎമ്മിന് കൂടിയത് 103 വോട്ട്.
കോലീബി കൂട്ടുകെട്ടിനെ അറബിക്കടലില്‍ തളളിയ പഴയ വെട്ടത്ത് നാടിന്റെ ഭരണ സ്ഥിരാകേന്ദ്രമായ തലക്കാട്ടെ ജനങ്ങള്‍ തന്നെയാണ് വിജയിച്ചത്. വിജയത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ പാര്‍ട്ടി നേതാക്കള്‍ക്കും തലക്കാട് ലോക്കല്‍ കമ്മിറ്റിക്കും അതിലെല്ലാം ഉപരി ബിജെപി-യുഡിഎഫ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയ പാറശ്ശേരിയിലെ ജനങ്ങള്‍ക്കും ഹൃദയത്തില്‍ നിന്നും ഒരു ലാല്‍ സലാം.
Discussion about this post