കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ എറണാകുളം അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പിന്റെ ഉത്തരവ്. ഗുരുതര സാമ്പത്തിക ക്രമക്കേടാണ് നടന്നത്. വൻ നികുതി വെട്ടിപ്പ് നടന്നെന്നും ആദായനികുതി വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
സഭയുടെ കൈവശമുളള ഭൂമി വിറ്റത് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ.് എന്നാൽ ഈ കടം തിരിച്ചടയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും കൃത്യമായി രേഖകളില്ല. ഇടനിലക്കാരൻ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാളെന്ന് പ്രൊക്യുറേറ്റർ മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
കോട്ടപ്പടി ഭൂമി മറിച്ചുവിൽക്കാൻ ചെന്നൈയിൽ നിന്നുളള ഇടപാടുകാരെ കർദിനാൾ നേരിട്ട് കണ്ടെന്നും ഫാദർ ജോഷി പുതുവ ഇൻകം ടാക്‌സിന് മൊഴി നൽകി. മൂന്നാറിലെ ഭൂമിയിടപാടിൻറെ വരുമാന സോഴ്‌സ് എവിടെനിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ല. മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയൽ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായത്. ഈ ഇടപാടുകൾ നടത്തിയത് അതിരൂപതയുടെ അക്കൗണ്ടിൽ നിന്നുളള പണം വകമാറ്റിയാണ് .
യഥാർഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകൾ നടത്തിയത്. സാജു വർഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വിൽപ്പന നടത്തി. ഈ ഇടപാടുകളിലും യഥാർഥ വിലയല്ല രേഖകളിൽ കാണിച്ചിരിക്കുന്നത്. വൻ നികുതിവെട്ടിപ്പാണ് ഈ ഇടപാടുകൾ വഴി നടത്തിയതെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.