കല്യാണ്‍: ജീവിത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത തന്റെ അച്ഛനെ തേടിയുള്ള യാത്രയിലാണ് 30കാരന് അനുരാജ് ആനന്ദ്. 30 വര്‍ഷം മുന്‍പാണ് പിതാവ് ആനന്ദ് മുംബൈയിലേയ്ക്ക് പോയത്. ഇപ്പോള്‍ അച്ഛനെ തേടിയുള്ള അലച്ചിലില്‍ ഫലമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഈ 30കാരന്.
കല്യാണ്‍ ഈസ്റ്റില്‍ കൈലാസ് നഗറിലുള്ള റായ് റെസിഡന്‍സിയില്‍ താമസക്കാരനാണ് മലയാളിയായ അനുരാജ്. നിരന്തരമായുള്ള അന്വേഷണങ്ങള്‍ക്കും തെരച്ചിലിനുമിടയില് ലഭിച്ച ചില സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ അനുരാജ് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ രണ്ടാഴ്ചമുമ്പ് എത്തിയിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അന്വേഷണം ഇടയ്ക്കു നിര്‍ത്തി പെട്ടെന്ന് മുംബൈയിലേക്ക് തിരിക്കേണ്ടി വന്നു. ആ യാത്രയാണ് ഇപ്പോള്‍ തുടരുന്നത്.
പത്തനംതിട്ട ജില്ലയിലെ കുളനട ഉള്ളന്നൂര്‍ സ്വദേശി രാജി എന്ന രാജേശ്വരിയുടെയും പന്തളം സ്വദേശിയും മുംബൈ മലയാളിയുമായിരുന്ന ആനന്ദന്റെയും ഏക മകനാണ് അനുരാജ്. 1988-ലാണ് രാജിയുടെ വിവാഹം നാട്ടില്‍ വെച്ച് നടന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം നാട്ടില്‍നിന്ന ആനന്ദന് മുംബൈ നഗരത്തില്‍ ഒരു പാര്‍പ്പിടം ശരിയാക്കിയശേഷം രാജിയെയും കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്കി മുംബൈയിലേയ്ക്ക് തിരിക്കുകയായിരുന്നു.
അനുരാജിന് ആറുമാസം പ്രായമാകുംവരെ ആനന്ദന് രാജിക്ക് കത്തും കാശും മുടങ്ങാതെ അയച്ചിരുന്നു. പിന്നീട് അത് നിന്നു. രാജിയുടെ നിരന്തരമായ കത്തുകള്‍ക്കൊന്നും മറുപടി ലഭിക്കാതായി. ഒടുവില്‍ ഒരുവയസ്സ് മാത്രമുള്ള മകന് അനുരാജിനെയുംകൊണ്ട് രാജി തനിച്ച് മുംബൈയിലേക്ക് വണ്ടി കയറി. അപരിചിതമായ നഗരത്തിലെത്തിയ രാജി ഒരുവിധം ആനന്ദന് താമസിച്ചിരുന്ന ഇടം കണ്ടെത്തി. എന്നാല്‍ ആനന്ദന് അവിടെനിന്ന് താമസം മാറിപ്പോയിരുന്നു. അമ്മ അലഞ്ഞ വഴികളിലൂടെയാണ് ഇന്ന് ആനന്ദിന്റെ സഞ്ചാരം.
Discussion about this post