കണ്ണൂർ: പ്രമുഖ മലയാളി വ്‌ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് പിന്നാലെ ട്രാഫിക് നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ട് മല്ലു ട്രാവലർ. തന്നെ കേരളത്തിലെ ഗതാഗത മന്ത്രിയാക്കിയാൽ വാഹനത്തിൽ പത്തോ ഇരുപതോ ടയറുകൾ ഘടിപ്പിക്കാനും ഇഷ്ടമുള്ള നിറം പെയിന്റടിക്കാനുമെല്ലാം അനുമതി നൽകാമെന്ന് മല്ലു ട്രാവലർ പറയുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മുമ്പത്തെ വീഡിയോയാണ് ഇതെങ്കിലും മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്മാന് നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സൂചനകൾ.
ആമിന എന്ന് വിളിക്കുന്ന തന്റെ ബൈക്ക് നാട്ടിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പങ്കുവെച്ച ഒരു ലൈവ് വീഡിയോയിലാണ് തന്റെ ആരാധകരോട് ഷാക്കിർ നിയമലംഘനത്തിന് ആഹ്വാനം ചെയ്യുന്നത്. താൻ പണം കൊടുത്ത് വാങ്ങി ടാക്‌സ് അടയ്ക്കുന്ന വണ്ടി മോഡിഫിക്കേഷൻ വരുത്താൻ എനിക്ക് അവകാശമില്ലേ എന്ന് ചോദിക്കുന്ന ഷാക്കിർ അധികാരികളോട് പോയി പണിനോക്കാൻ പറ എന്നും വെല്ലുവിളിക്കുന്നു.
‘എന്റെ ബൈക്കിൽ 70 ശതമാനത്തോളം മോഡിഫിക്കേഷനാണ്. എറണാകുളത്ത് നിന്നും താൻ അത് ഓടിച്ച് തന്നെ കൊണ്ടുവരും. തന്റെ വണ്ടിയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്ന എംവിഡി ആയിരിക്കും ഏറ്റവും കേരളത്തിൽ ഏറ്റവും കൂടുതൽ നാണം കെടുന്നത്. അഞ്ച് രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടും ഒന്നും സംഭവിച്ചില്ല. കേരളത്തിൽ എത്തിയിട്ട് പിടിച്ചാൽ അതിന് എന്താണ് പറയേണ്ടത്. കേരളത്തിലെ ഗതാഗത മന്ത്രിയാക്കിയാൽ ഇഷ്ടമുള്ളപോലെ മോഡിഫിക്കേഷൻ വരുത്താൻ നിയമം കൊണ്ടുവരും’- ഷാക്കിർ പറഞ്ഞു.
ഈ വീഡിയോ ചർച്ചയായതോടെ, ഒരു വർഷം മുമ്പുള്ളതാണ് വീഡിയോയെന്നും ഇതുമായി ബന്ധപ്പെട്ട് എംവിഡിയ്ക്ക് മറുപടി നൽകിയിരുന്നുവെന്നും ഷാക്കിർ പറയുന്ന മറ്റൊരു വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Discussion about this post