കൊല്ലം: ഇനി മുതൽ കാണിക്ക വഞ്ചിയിലേക്കു വാഹന യാത്രക്കാർ നാണയങ്ങൾ വലിച്ചെറിഞ്ഞു അപകടം ഉണ്ടായാൽ 2 വർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാവുന്ന വിധത്തിൽ കേസ് എടുക്കും. വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര വകുപ്പു റിപ്പോർട്ട് നൽകി. കമ്മീഷൻ ഇതു ഉടൻ പരിഗണിക്കും.
നാണയങ്ങൾ എറിയുന്നതു മൂലം ഗുരുതരമായ പരുക്ക് ഏൽക്കുകയാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമം 338 പ്രകാരം 2 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്താം. മരണത്തിനു കാരണമാകുമെങ്കിൽ 304(എ) പ്രകാരം 2 വർഷം തടവും പിഴയും ലഭിക്കാവുന്ന വിധത്തിൽ കേസ് എടുക്കാം. പരുക്കേൽക്കുകയാണെങ്കിൽ 6 മാസം തടവു ശിക്ഷയും പിഴയും ലഭിക്കാവുന്ന 337 പ്രകാരം കേസ് എടുക്കാം. .ഇവയ്ക്കു പുറമെ മോട്ടർ വാഹന നിയമപ്രകാരവും കേസ് ചുമത്താം. അപകടങ്ങൾക്കു വിധേയരാകുന്നവർക്കു കോടതി മുഖേന നഷ്ടപരിഹാരം തേടാമെന്നും റിപ്പോർട്ടിലുണ്ട്.
ബസിലും മറ്റു വാഹനങ്ങളിലും സഞ്ചരിക്കുന്നവർ പാതയോരത്തെ കാണിക്ക വഞ്ചികളിലേക്കു നാണയങ്ങൾ വലിച്ചെറിയുന്നത് അപകടങ്ങൾക്ക് കാരണമാകുന്നെന്ന് കാണിച്ചു മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. മുഹമ്മദ് ഹുമയൂൺ നൽകിയ പരാതിയിലാണ് കമ്മീഷൻ ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് തേടിയത്.
വലിച്ചെറിയുന്ന നാണയത്തുട്ടുകൾ വഴിയാത്രക്കാരുടെ കണ്ണിലും ശരീരത്തും കൊണ്ടു പരുക്കേൽക്കുന്നതായും മറ്റു വാഹനങ്ങളുടെ ചില്ലുകൾ തകരുന്നതിനു കാരണമാകുന്നതായും കാണിച്ചാണ് ഹുമയൂൺ പരാതി നൽകിയത്. കൊല്ലത്ത് ബിടെക് വിദ്യാർത്ഥിയുടെ കണ്ണിന് ഇത്തരത്തിൽ പരിക്കേറ്റ സംഭവവും ചൂണ്ടിക്കാട്ടിയാണ് ഹുമയൂൺ പരാതി നൽകിയത്.
Discussion about this post