എറണാകുളം: ഹെല്‍മറ്റും ഷര്‍ട്ടും മാസ്‌കും ധരിക്കാതെ മുമ്പത്ത് ബൈക്കില്‍ കറങ്ങിയ യുവാവ് ഒടുവില്‍ പോലീസിന്റെ വലയില്‍. നിയമം ലംഘിച്ച് ബൈക്കില്‍ റോഡിലൂടെ കറങ്ങിയ ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനാണ് പോലീസ് പിടിയിലായത്.
യുവാവിന് ലൈസന്‍സും ഇല്ലെന്ന് പൊലീസ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ യുവാവ് ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതോടെയാണ് പൊലീസിന്റെ പിടിവീണത്.
ഷര്‍ട്ടും മാസ്‌കും ധരിക്കാതെ ബൈക്കില്‍ കറങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യങ്ങളില്‍ ഇട്ട് വൈറലാകാനായിരുന്നു യുവാവിന്റെ ശ്രമം. സുഹൃത്തുക്കളാണ് വിഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വിചാരിച്ച പോലെ തന്നെ വൈറലായ യുവാവ് ഒടുവില്‍ പോലീസിന്റെ വലയിലാകുകയായിരുന്നു.
വിഡിയോ കണ്ടതോടെ സൈബര്‍ പൊലീസ് അന്വേഷണം നടത്തുകയും മുനമ്പം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പ് നിയമം, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം എന്നിവയുള്‍പ്പെടെ ആറ് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
Discussion about this post