കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങൾ ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി കീഴടങ്ങി. ബുധനാഴ്ച രാവിലെയാണ് പൂക്കോയ തങ്ങൾ കീഴടങ്ങിയത്. ഒമ്പതുമാസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കീഴടങ്ങൽ.
മുൻമുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ പ്രതിയായ കേസാണിത്. ഫാഷൻ ഗോൾഡ് ചെയർമാനായിരുന്ന എംസി കമറുദ്ദീനെ കഴിഞ്ഞ നവംബർ 7 ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഫാഷൻ ഗോൾഡ് എംഡിയായിരുന്ന പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഫാഷൻ ഗോൾഡ് ചെയർമാനും അന്നത്തെ മഞ്ചേശ്വരം എംഎൽഎയുമായിരുന്ന എംസി ഖമറുദ്ദീൻ അറസ്റ്റിലായത്.
നാലു ജില്ലകളിലായി വ്യാപിച്ചുകിടന്ന 148 കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലടക്കം മുസ്‌ലിം ലീഗിനെ ഏറെ പ്രതിരോധത്തിലാക്കിയ കേസാണിത്.