കോഴിക്കോട് : കോവിഡ് 19 സാഹചര്യത്തിൽ എല്ലാ സ്ക്കൂളുകളും ഓൺലൈൻ ക്ലാസുകളുമായി മുന്നോട്ട് പോവുകയാണ്. എന്നാൽ കോഴിക്കോട് ഓൺലൈൻ ക്ലാസിനിടെ അധ്യാപികയുടെ വാട്സാപ്പ് സ്വന്തം ഫോണിലേക്ക് മാറ്റി വിദ്യാർത്ഥി.
ഹൈസ്കൂൾ വിദ്യാർത്ഥിയാണ് അധ്യാപികയുടെ വാട്സാപ്പ് സ്വന്തം ഫോണിലേക്ക് റീ-രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രതി വിദ്യാർത്ഥിയാണെന്ന് മനസിലായതോടെ അധ്യാപിക പരാതി പിൻവലിച്ചു. ഓൺലൈൻ ക്ലാസിലെ ആവശ്യത്തിനായി അധ്യാപിക തന്റെ മൊബൈൽ സ്ക്രീൻ വിദ്യാർത്ഥികളുമായി ഷെയർ ചെയ്തിരുന്നു. അധ്യാപികയുടെ മൊബൈൽ ഫോൺ സ്ക്രീൻ പൂർണമായും കാണാൻ സാധിച്ചതോടെയാണ് വിദ്യാർത്ഥി ഇത്തരമൊരു പരിപാടിക്ക് മുതിർന്നത്.
സ്ക്രീൻ ഷെയർ ചെയ്താൽ മൊബൈലിൽ വരുന്ന സന്ദേശങ്ങൾ വിദ്യാർത്ഥികൾക്കും കാണാൻ സാധിക്കും. ഇത് മനസിലാക്കിയ വിദ്യാർത്ഥി അധ്യാപികയുടെ നമ്പർ ഉപയോഗിച്ച് സ്വന്തം ഫോണിൽ വാട്സാപ്പ് ആരംഭിച്ചു. ടു സ്റ്റെപ് വേരിഫിക്കേഷൻ സുരക്ഷയും അധ്യാപികയുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നില്ല. വാട്സാപ്പിനായി വേണ്ട ഒ.ടി.പി നമ്പർ അധ്യാപിക സ്ക്രീൻ ഷെയർ ചെയ്യുന്ന സമയത്ത് തന്നെ സ്വന്തമാക്കിയ വിദ്യാർത്ഥി വാട്സാപ്പ് ആരംഭിക്കുകയായിരുന്നു.
ക്ലാസ് പൂർത്തിയായതിന് ശേഷമാണ് അധ്യാപിക സ്വന്തം വാട്സാപ്പ് നോക്കിയത്. ഇത് ലഭ്യമാവാതിരുന്നതോടെ സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന് മനസിലായി. കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശിയായ അധ്യാപിക ഉടൻ സൈബർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയുടെ വിദ്യാർത്ഥി തന്നെയാണ് വാട്സാപ്പ് തന്റെ ഫോണിലേക്ക് മാറ്റിയതെന്ന് വ്യക്തമായത്.
Discussion about this post