മലപ്പുറം: കടയില്‍ പോകാന്‍ പോലും ഇനി വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് ഒരു കിടിലന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് മലപ്പുറത്തെ ഇംപീരിയല്‍ പ്രസ്. കോവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് പതിപ്പിച്ച ഇംപീരിയല്‍ ടി ഷര്‍ട്ടുകള്‍ പുറത്തിറക്കിയിരിക്കുകയാണിവര്‍.
ടിഷര്‍ട്ട് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ടി ഷര്‍ട്ട് ഉള്‍പ്പെടെ 250 രൂപയാണു ഈടാക്കുന്നത്. കാര്‍ഡ് പൂര്‍ണമായി ടി ഷര്‍ട്ടില്‍ പതിക്കും. വ്യക്തമായി വായിക്കാം. എന്നാല്‍, ഇതിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയില്ല. അതിനാല്‍, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ കൂടി കയ്യില്‍ കരുതേണ്ടിവരും.
നിരവധി പേരാണ് ടി ഷര്‍ട്ട് ആവശ്യപ്പെട്ട് ഇവിടേക്ക് എത്തുന്നത്. ദിവസേന ദീര്‍ഘദൂര യാത്ര നടത്തുന്ന ലോറി ഡ്രൈവര്‍മാരുള്‍പ്പെടെയുള്ളവരാണ് ആവശ്യക്കാരില്‍ കൂടുതല്‍. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡ് മാതൃകയിലാക്കി നേരത്തേ ഇവര്‍ നല്‍കിയിരുന്നു.
കാര്‍ഡ് വാങ്ങാനെത്തിയ ഒരാളാണു ടി ഷര്‍ട്ടില്‍ സര്‍ട്ടിഫിക്കറ്റ് പതിച്ചു നല്‍കാനാകുമോയെന്നു ചോദിച്ചത്. ഇതു നല്ല ആശയമാണെന്നു തോന്നിയതോടെ പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തു നോക്കി. വിജയിച്ചതോടെയാണു സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്വേഷണം വരുന്നതായി പ്രസ് ഉടമകളിലൊരാളായ യു. ഫൈസല്‍ പറഞ്ഞു.