തിരുവനന്തപുരം: സ്ത്രീധനപീഡനത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടുന്നില്ലെന്ന് യുവതി. നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദിച്ചെന്നും എതിര്‍ത്തപ്പോള്‍ ഉപേക്ഷിച്ചെന്നും കാണിച്ച് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഗായത്രിയാണ് പരാതി നല്‍കിയത്.
പരാതി ലഭിച്ചിട്ടും ഭര്‍ത്താവിനെതിരെ കൃത്യമായ മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ലെന്ന് യുവതി പറയുന്നു. രണ്ടുവര്‍ഷം മുമ്പായിരുന്നു കാറ്ററിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അരവിന്ദുമായി ഗായത്രിയുടെ വിവാഹം. 50 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും ഒന്നര ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങളുമാണ് സ്ത്രീധനമായി നല്‍കിയത്.
എന്നാല്‍ ഇതിന് ശേഷവും അരവിന്ദ് സ്ത്രീധനം ആവശ്യപ്പെട്ട് തുടങ്ങി. അരവിന്ദിന്റെ മാതാപിതാക്കളും ബന്ധുക്കളും അതിനൊത്താശ ചെയ്തുവെന്നും എതിര്ത്തപ്പോളെല്ലാം ഉപദ്രവിച്ചെന്നും ഗായത്രി പരാതിയില്‍ പറയുന്നു. രണ്ടാമത്തെ കുഞ്ഞ് ഉണ്ടായതിന് പിന്നാലെ ഗായത്രിയെ ഉപേക്ഷിച്ചു.
ഭര്‍ത്താവില്‍ നിന്നുള്ള ഉപദ്രവം സഹിക്കാനാവാതെയാണ് പൊലീസിന്റെ അപരാജിത സെല്ലില്‍ സ്ത്രീധന പീഡനത്തിനെതിരെ യുവതി പരാതി നല്‍കിയത്. കേസെടുത്തൂവെന്നല്ലാതെ മറ്റൊരു നടപടിയുമുണ്ടായില്ല. ഭര്‍ത്താവിനെതിരെ നല്കിയ മൊഴി പോലും കൃത്യമായി രേഖപ്പെടുത്താന്‍ പൊലീസ് തയാറായില്ലെന്നും പരാതിയുണ്ട്.
തിരുവല്ലം പൊലീസിനെതിരെയാണ് ആക്ഷേപം. രണ്ട് കൈക്കുഞ്ഞുങ്ങളുമായി കഴിയുന്ന ഗായത്രിക്ക് മുന്നോട്ടുള്ള ജീവിതം തന്നെ പ്രതിസന്ധിയിലാണ്. അതിനിടയിലാണ് പൊലീസിന്റെ നീതിനിഷേധവും. തന്റെ പരാതി പരിഗണിക്കുമെന്നും നീതി ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഗായത്രി.
Discussion about this post