വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് കൊഴിയാളയുടെ വന്‍ ചാകര. രാവിലെ ആരംഭിച്ച ചാകരകൊയ്ത്ത് വൈകുന്നേരം വരെ നീണ്ടു. ഇതറിഞ്ഞ് ജനം തുറമുഖത്തേയ്ക്ക് സാമൂഹിക അകലം പോലും മറന്ന് ഇടിച്ചു കയറി. ടണ്‍ കണക്കിന് കൊഴിയാള മത്സ്യം കരയിലെത്തിയതോടെ ഫിഷ്ലാന്‍ഡില്‍ മീനിടാന്‍ സ്ഥലമില്ലാത്ത അവസ്ഥയിലായി.
മീനുമായി എത്തിയ വള്ളങ്ങള്‍ തുറമുഖത്തെ പഴയ വാര്‍ഫിലാണ് പിന്നീട് മീന്‍ ഇറക്കിയത്. കുറഞ്ഞ സമയം കൊണ്ട് വാര്‍ഫിലും മീന്‍ കുന്നുകൂടുകയും ചെയ്തു. ചാകര എത്തിയതോടെ മീനിന്റെ വിലയിലും വന്‍ ഇടിവ് സംഭവിച്ചു. രാവിലെ കുട്ട ഒന്നിന് രണ്ടായിരം രൂപയായിരുന്നു വില. എന്നാല്‍ ഉച്ചയോടെ വില കുട്ടയൊന്നിന് 300 രൂപയില്‍ എത്തി. വിലക്കുറവ് അറിഞ്ഞാണ് തുറമുഖത്തേയ്ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പോലും മറന്ന് ജനങ്ങളെത്തിയത്.
കോഴിത്തീറ്റ നിര്‍മ്മാണ ഫാക്ടറിക്കാരാണ് വിലക്കുറവില്‍ മീന്‍ വാങ്ങാന്‍ കുതിച്ചെത്തിയത്. അതേസമയം, മത്സ്യത്തൊഴിലാളികള്‍ നിരാശയിലാണ്. ഇന്ധനവില കൂടി നില്ക്കുമ്പോള് മീന്‍ വില കുറഞ്ഞത് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
Discussion about this post