കൊല്ലം: കൊവിഡ് രോഗികള്‍ക്കുള്ള മരുന്ന് വാങ്ങി സൈക്കിളും ചവിട്ടി സൗജന്യമായി നല്‍കുന്ന ഡോക്ടര്‍ എത്തുന്നത് സൈക്കിളില്‍. കൊല്ലം മൈനാഗപ്പള്ളി പള്ളിമുക്ക് ചാമത്തുണ്ടില്‍ ഹൗസില്‍ ആയുര്‍വേദ ഡോക്ടറായ സെയ്ദ് ഷിറാസ് ആണ് നന്മയുടെ മുഖമാകുന്നത്. സൈക്കിളില്‍ മരുന്നുമായി എത്തിയ ഷിറാസിനെ ആദ്യം കണ്ടപ്പോള്‍ ഡെലിവറി ബോയി ആണെന്നായിരുന്നു ആളുകളുടെ ധാരണ. എന്നാല്‍, പിന്നീടാണ് ഡോക്ടറാണെന്ന സത്യം മനസിലായത്.
കൊവിഡ് രോഗികള്‍ക്കുള്ള മരുന്നുകളും വാങ്ങി ദിവസവും കിലോമീറ്ററുകളാണ് ഷിറാസ് സൈക്കിള്‍ ചവിട്ടുന്നത്. ഏതുപ്രദേശത്തും കടന്നുചെല്ലാനുള്ള എളുപ്പവും യാത്രയ്‌ക്കൊപ്പം വ്യായാമമെന്ന സൗകര്യവും കണക്കിലെടുത്താണ് സൈക്കിള്‍ യാത്രയെന്ന് ഡോക്ടര്‍ പറയുന്നു. 25 കിലോമീറ്ററിലേറെയുള്ള സ്ഥലങ്ങളിലൊക്കെ സൈക്കിള്‍ ചവിട്ടിപ്പോയി മരുന്നു നല്‍കിയിട്ടുണ്ട്. പിന്നെ പെട്രോള്‍ വിലയും സൈക്കിള്‍ യാത്ര തെരഞ്ഞെടുക്കാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ധ്യ കഴിഞ്ഞ് മരുന്ന് എത്തിക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്‌കൂട്ടറില്‍ പോകും. രോഗവിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ് അതിനുള്ള മരുന്നുമായാണ് പിന്നീടുള്ള യാത്ര. എത്ര നിര്‍ബന്ധിച്ചാലും പണം സ്വീകരിക്കാന്‍ ഇദ്ദേഹം തയ്യാറാവാറില്ല. നേരത്തെ സഹായം അഭ്യര്‍ഥിച്ച് ചില ഫോണ്‍ വിളികള്‍ വന്നതോടെയാണ് മരുന്ന് എത്തിക്കുന്ന പതിവ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കള്‍ കരുതിയത് മകന്‍ വ്യായാമത്തിനായി സൈക്കിള്‍ ചവിട്ടാന്‍ പോകുന്നു എന്നാണ്. പിന്നീടാണ് സേവനം മനസിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറുകണക്കിന് രോഗികള്‍ക്ക് ഇങ്ങനെ മരുന്ന് എത്തിച്ചു നല്‍കി. സ്വന്തം വീടിനോട് ചേര്‍ന്ന് ആയുര്‍വേദ ക്ലിനിക് നടത്തുന്നുണ്ട്. അവിടേയ്ക്ക് മരുന്നുകള്‍ വാങ്ങുന്ന കൂട്ടത്തില്‍ സൗജന്യ വിതരണത്തിനുള്ളവയും സ്വന്തം ചെലവില്‍ വാങ്ങും. കൂടുതല്‍ പേര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ ചില ആയുര്‍വേദ മരുന്ന് നിര്‍മാതാക്കളുടെ സഹായവും ഡോ. ഷിറാസ് തേടിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാങ്ങോട് ശ്രീനാരായണ ആയുര്‍വേദ കോളജ് ബിഎഎംസ് പൂര്‍ത്തിയാക്കിയ ഡോ. ഷിറാസ് യോഗയിലും യോഗതെറപ്പിയിലും പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആയിരുന്ന സെയ്ദ് അബൂബക്കര്‍ സാഹിബിന്റെയും വീട്ടമ്മയായ ലത്തീഫ ബീവിയുടെയും മകനാണ്. ഭാര്യ ഷിബാന ഷിറാസ് വെള്ളായണി.
Discussion about this post