കൊച്ചി : ഇ ബുള്‍ജെറ്റ് ബ്രദേഴ്സിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍. വ്‌ലോഗേഴ്‌സിന് പിന്തുണയറിയിച്ച് നിരവധി ആരാധകരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റില്‍ ആരാധകര്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.
പ്രതിഷേധം കുറച്ച് അതിര് കടന്നെന്നും എന്നാല്‍, കുട്ടികളെന്ന പരിഗണനയും പുതിയ അഭിപ്രായ പ്രകടന മേഖലയായി വളര്‍ന്നു വരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ബാലാരിഷ്ടതകളും കണക്കിലെടുത്ത് അവരെ അധിക്ഷേപിക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഈശ്വര്‍ ഈക്കാര്യം പറഞ്ഞത്. ‘അവര്‍ കുറച്ച് ഓവറായിരുന്നു എന്നുള്ളത് സത്യമാണ്. പ്ലെയിന്‍ ടു ദി ഗാലറി ചെയ്തതാണെന്ന് വ്യക്തമാണ്. പക്ഷെ ആ ഫീല്‍ഡിനെത്തന്നെ അടിച്ചു താഴത്തേണ്ട കാര്യമില്ല.”- രാഹുല്‍ പറഞ്ഞു.
” നമ്മള്‍ കുറേക്കൂടി ഉത്തരവാദിത്വത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കണം. സോഷ്യല്‍ മീഡിയ ആണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ അടക്കം ഭാവി. നവമാധ്യമത്തെ അടിച്ചമര്‍ത്തി അധിക്ഷേപിച്ച് ഇല്ലാതാക്കുന്നതിന് പകരം ഇതിനെ നല്ല രീതിയില്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്’- രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.