കണ്ണൂര്‍: ബുള്ളറ്റില്‍ മകള്‍ക്കൊപ്പം കാശ്മീരിലേയ്ക്ക് യാത്ര തിരിച്ച അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. കാനായി നോര്‍ത്ത് യുപി സ്കൂള്‍ അധ്യാപിക കെ അനീഷയ്ക്കാണ് പയ്യന്നൂര്‍ എഇഒയാണ് കാരണം കാണിക്കല്‍ നല്‍കിയിരിക്കുന്നത്. പ്രധാനാധ്യാപിക വഴി നോട്ടീസ് കൈമാറും.
സര്‍വ്വീസ് റൂള്‍ ചട്ട ലംഘനത്തിനാണ് അനീഷയ്ക്ക് നോട്ടീസ് നല്‍കിയത്. സര്‍വീസ് നിയമം അനുസരിച്ച് സംസ്ഥാനം വിട്ടുപോകുന്നതിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവാദം വാങ്ങേണ്ടതുണ്ട്. ഈ അനുമതി അധ്യാപികയായ അനീഷ വാങ്ങിയിട്ടില്ലെന്നും അതുകൊണ്ട് യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹ വാര്‍ഷികത്തിനു ഭര്‍ത്താവ് മധുസൂദനന് നല്കിയ ബുള്ളറ്റിലാണ് മകള്‍ മധുരിമയ്ക്കൊപ്പം അനീഷ കാശ്മീരിലേയ്ക്ക് യാത്ര തിരിച്ചത്.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി വി വിനോദാണ് ജൂലൈ മാസം യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അധ്യാപിക ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്.
Discussion about this post