സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം; 5 ജില്ലകളിൽ സ്റ്റോക്ക് പൂർണമായി തീർന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം. അഞ്ച് ജില്ലകളിൽ സ്റ്റോക്ക് പൂർണ്ണമായും തീർന്നു. വാക്സിൻ ക്ഷാമം കാരണം പല വാക്സിനേഷൻ കേന്ദ്രങ്ങളും ഇന്ന് പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ വാക്സിൻ പൂർണമായുംതീർന്നത്.

നാളെ വാക്‌സിൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. വാക്‌സിനേഷൻ യജ്ഞം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിസന്ധി രൂക്ഷമാണ്. വളരെ കുറച്ച് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ വാക്സിൻ പൂർണമായും തീർന്നതിനാൽ ഇന്ന് വാക്‌സിനേഷൻ ഉണ്ടാകില്ല. കോഴിക്കോട് 300 ഡോസാണ് ശേഷിക്കുന്നത്. മറ്റ് ജില്ലകളിലും വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആരംഭിച്ച വാക്സിനേഷൻ യജ്ഞം വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. വാക്സിനേഷൻ വർധിപ്പിച്ച് പരമാവധി പേർക്ക് വാക്സിൻ നൽകാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്സിനേഷൻ യജ്ഞം നടപ്പിലാക്കുക.

Exit mobile version