കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ തീവണ്ടിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍. 44 കാരനായ പദ്മരാജന്‍ ഐങ്ങോത്ത് ആണ് പിടിയിലായത്. പദ്മരാജന്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട് റെയില്‍വേ പോലീസിന് മുന്‍പാകെ ഹാജരാകുകയായിരുന്നു.
തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി മാവേലി എക്‌സ്പ്രസിലാണ് സംഭവം. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഉണ്ണിത്താന്‍. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് എ വണ്‍ കോച്ചിലാണ് കയറിയത്. എം.എല്‍.എ.മാരായ ഇ. ചന്ദ്രശേഖരന്‍, എം.കെ.എം. അഷറഫ്, എന്‍.എ. നെല്ലിക്കുന്ന്, കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ എന്നിവരും ഇതേ കോച്ചിലുണ്ടായിരുന്നു.
കാഞ്ഞങ്ങാട്ടുനിന്ന് വണ്ടി പുറപ്പെട്ട് അല്പം കഴിഞ്ഞപ്പോള്‍ പദ്മരാജനും രണ്ടുപേരും താന്‍ ഇരിക്കുന്നിടത്തേക്കു വന്ന് അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവര്‍ റെയില്‍േവ പോലീസിനെ വിവരമറിയിച്ചു. ബഹളം കേട്ട് ടി.ടി.ഇ.യും എത്തി. വണ്ടി നീലേശ്വരത്തെത്തിയപ്പോള്‍ പദ്മരാജനും മറ്റു രണ്ടുപേരും ഇറങ്ങിയോടിയെന്നും എം.പി പരാതിയില്‍ പറഞ്ഞു.
പദ്മരാജനും കൂടെയുണ്ടായിരുന്നവരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും അവര്‍ ടിക്കറ്റില്ലാതെയാണ് തീവണ്ടിയില്‍ കയറിയതെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. തിങ്കളാഴ്ച രാവിലെ കാസര്‍കോട് റെയില്‍വേ പോലീസ് കാഞ്ഞങ്ങാട് ഐങ്ങോത്തുള്ള പദ്മരാജന്റെ വീട്ടിലും മറ്റിടങ്ങളിലുമെത്തി അന്വേഷണം നടത്തി. അതിനിടയിലാണ് അദ്ദേഹം കാസര്‍കോട് റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.
Discussion about this post