കൊച്ചി: നാദിര്‍ഷയുടെ ഈശോ സിനിമയുടെ പേര് വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. ഈശോ എന്നത് സിനിമയുടെയും തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും ഇതില്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും നടന്‍ പ്രതികരിച്ചു.
പേരില്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് ‘ഈശോ നോട്ട് ഫ്രം ബൈബിള്‍’ എന്ന് കൊടുത്തതു പോലും. എന്നാല്‍ അതിനെയും തെറ്റിദ്ധരിച്ചതില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമയുടെ പേരും മറ്റും സംബന്ധിച്ച വിഷയങ്ങളില്‍ പുറത്തുനിന്നും നിയന്ത്രണങ്ങള്‍ വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. ഞാന്‍ തന്നെ ഇതിന് മുമ്പ് ‘പുണ്യാളന്‍’ എന്ന സിനിമ ചെയ്തിട്ടുണ്ട്. അതിന് രണ്ട് ഭാഗങ്ങളും ഉണ്ടായിരുന്നു. അന്നൊന്നും ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല.
ആരെയും വേദനിപ്പിക്കുന്നതിന് വേണ്ടിയല്ല നമ്മള്‍ സിനിമ ചെയ്യുന്നത്. ഈശോ എന്ന സിനിമ മുന്നോട്ടുവെയ്ക്കുന്ന ഒരു സന്ദേശമുണ്ട്. ഇത് കണ്ടുകഴിയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ പോലും സന്ദേശത്തെക്കുറിച്ച് ബോധവാന്മാരാകുമെന്നും ജയസൂര്യ പറഞ്ഞു.
സിനിമയ്ക്ക് ‘ഈശോ’ എന്ന് പേരിട്ടതുകൊണ്ട് അത് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഏറെ വിഷമമുണ്ടെന്നും ജയസൂര്യ പറഞ്ഞു. സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ വരെ പോകാം.
അതിന് ഞങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈശോ സിനിമയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്ന് സംവിധായകന്‍ നാദിര്‍ഷയും പ്രതികരിച്ചു. സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ല. പേര് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല. നിര്‍മ്മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്. മുന്‍പ് സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്നും നാദിര്‍ഷ പറഞ്ഞു.
ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പേര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ചിത്രത്തിന്റെ പേര് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് വെറും കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഒപ്പം, ഒരു വിഭാഗം ആളുകള്‍ക്ക് വിഷമമുണ്ടാക്കിയത് കണക്കിലെടുത്ത് ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ മോഷന്‍ പോസ്റ്ററില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്.
ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നും കത്തോലിക്ക കോണ്‍ഗ്രസിസ് ആരോപിക്കുന്നു.
അതേസമയം, ഈശോ എന്ന പേര് സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പെമെന്ന് തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രോപ്പോലീത്ത പ്രതികരിച്ചിരുന്നു.
Discussion about this post