തിരുവനന്തപുരം: നടി ശരണ്യ ശശി അന്തരിച്ചു. ഏറെ നാളായി കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്നു താരം. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബ്രെയിന്‍ ട്യൂമറിനോടു പടപൊരുതിയാണ് ശരണ്യയുടെ വിടവാങ്ങല്‍. ചികിത്സയിലിരിക്കെ കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു.
മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. ജൂണ്‍ 10ന് കൊവിഡ് നെഗറ്റീവ് ആയ ശേഷം, മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു വീണ്ടും പ്രവേശിപ്പിച്ചു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. നിരവധിത്തവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ കാന്‍സര്‍ അതിജീവനത്തിന്റെ പ്രതീകം കൂടിയായിരുന്നു. സിനിമ സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ പ്രേക്ഷക ഹൃദയത്തിലേയ്ക്ക് ചേക്കേറിയത്.
2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. ഏഴോളം ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്. തുടര്‍ച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവര്‍ക്ക് സിനിമ സീരിയല്‍ മേഖലയില്‍ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേര്‍ന്ന് വീടു നിര്‍മിച്ചു നല്‍കുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങളും ചെയ്തിരുന്നു. തുടക്കം മുതല്‍ സഹായം അഭ്യര്‍ത്ഥിച്ച് നടി സീമ ജി നായരും ഒപ്പമുണ്ടായിരുന്നു. വിയോഗം മേഖലയെ ഒന്നടങ്കം സങ്കട കടലിലാഴ്ത്തി.