158 കി.മീ സ്പീഡില്‍ ബൈക്കില്‍ പാഞ്ഞ് റൈഡര്‍; തെളിവുസഹിതം യുവാവിനെ പിടികൂടി, അതിസാഹസികതയ്ക്ക് 9,500 രൂപ പിഴ

ചെങ്ങന്നൂര്‍: മണിക്കൂറില്‍ 158 കിലോമീറ്റര്‍ സ്പീഡില്‍ ബൈക്കില്‍ പാഞ്ഞ് റൈഡര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. തെളിവുസഹിതമാണ് യുവാവിനെ പിടികൂടി പിഴ ചുമത്തിയത്. മുളക്കുഴ കാരയ്ക്കാട് ക്രിസ്റ്റിവില്ലയില്‍ ജസ്റ്റിന്‍ മോഹനെ(25)യാണ് ചെങ്ങന്നൂര്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് എം.വി.ഐ. കെ. ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സാഹസികയാത്ര സോഷ്യയല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ജസ്റ്റിനെ തേടി ഉദ്യോഗസ്ഥരെത്തിയത്. എംസി റോഡില്‍ മുളക്കുഴ-കാരയ്ക്കാട് റൂട്ടില്‍ ബൈക്കില്‍ 158 കിലോമീറ്റര്‍ സ്പീഡില്‍ പായുന്ന ദൃശ്യം സാമൂഹികമാധ്യമത്തില്‍ ഒരാള്‍ പോസ്റ്റ്ചെയ്തിരുന്നു.

ഈ വീഡിയോ മോട്ടോര്‍വാഹനവകുപ്പ് അധികൃതരുടെ വാട്സ്ആപ്പ് നമ്പരിലെത്തി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ബൈക്ക് ഓടിച്ചിരുന്ന ജസ്റ്റിനെ പിടികൂടുന്നത്. കഴിഞ്ഞാഴ്ച ചങ്ങനാശ്ശേരിയിലുണ്ടായ ബൈക്കപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പദ്ധതിയായ ഓപ്പറേഷന്‍ റാഷിന്റെ ഭാഗമായാണു ഉദ്യോഗസ്ഥര്‍ നടപടി കൈകൊണ്ടത്.

Exit mobile version