ആലപ്പുഴ: സംവിധായകന്‍ നാദിര്‍ഷായുടെ സിനിമകള്‍ ക്രൈസ്തവ വിരുദ്ധമാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഈശോ, കേശു ഈ വീടിന്റെ നാഥന്‍, എന്നീ പേരുകളുള്ള സിനിമ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും അവ നിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സമാധാനത്തിന്റെ വക്താവായി ലോകം മുഴുവന്‍ അംഗീകരിക്കുന്ന യേശുദേവനെ അവഹേളിക്കുന്ന രീതിയിലുള്ള സംവിധായകന്റെ കുടില നീക്കം തീര്‍ത്തും അപലപനീയമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ക്രൈസ്തവ സഭ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്. ക്രൈസ്തവ മൂല്യങ്ങളെ ആര്‍ക്കും വിസ്മരിക്കാന്‍ സാധിക്കില്ല. യേശുദേവനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകള്‍ ഈ സമൂഹം ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് സിനിമയ്ക്ക് അത്തരം പേര് നല്‍കിയതെന്ന് സംശയിക്കുന്നതായും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ മതവൈരമുണ്ടാക്കി മതവിശ്വാസത്തെയും വിശ്വാസികളുടെയും മതവികാരം വ്രണപ്പെടുത്തുന്ന ഇതുപോലുള്ള നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ബി.ഡി.ജെ.എസ് മുന്നില്‍ തന്നെയുണ്ടാകും. വിശ്വാസികളെ അവഹേളിക്കുന്ന സിനമികള്‍ക്കെതിരെയും ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരെയും നിയമനിര്‍മാണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നല്‍കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ നാദിര്‍ഷായുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ, ദിലീപ് നാകനായ ‘കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.
‘ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നു. നാദിര്‍ഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും’ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ ബുധനാഴ്ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.
Discussion about this post