കൊച്ചി: ഡോ: മാനസയുടെ കൊലപാതകത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. മാനസയെ കൊലപ്പെടുത്തിയ രഖില്‍ തോക്ക് വാങ്ങാന്‍ ബീഹാറിലെത്തിയതിന് കൂടുതല്‍ തെളിവുകള്‍. ഇടനിലക്കാര്‍ക്കൊപ്പം രഖില്‍ വാഹനത്തില്‍ സഞ്ചരിയ്ക്കുന്ന ചിത്രങ്ങളും അറസ്റ്റിലായ മനീഷ് തോക്ക് ഉപയോഗിയ്ക്കുന്നതിന് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തോക്ക് നല്‍കിയ സോനുകുമാറിനെയും സഹായി മനീഷിനെയും വൈകിട്ട് കൊച്ചിയിലെത്തിയ്ക്കും.
ഡോ: മാനസയെ കൊലപ്പെടുത്തുന്നതിന് രഖില്‍ തോക്ക് വാങ്ങിയത് ബിഹാറിലെ മുന്‍ഗറില്‍ നിന്നെന്നാണ് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് തോക്ക് നല്‍കിയ സോനുകുമാര്‍ മോദിയെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മനീഷിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
രഖില്‍ തോക്ക് വാങ്ങിയത് തെളിയ്ക്കുന്നതിന് നിര്‍ണായകമാകും പുതിയതായി ലഭിച്ച ദ്യശ്യങ്ങള്‍. തോക്ക് എങ്ങനെയാണ് ഉപയോഗിയ്ക്കുന്നതെന്ന് മനീഷ് വിവരിക്കുന്നുണ്ട്. മാനസയെ കൊലപ്പെടുത്തുന്നതിന് രഖില്‍ ഉപയോഗിച്ച 7.62 എംഎം പിസ്റ്റളിന് സമാനമായ തോക്ക് തന്നെയാണ് വിവരിക്കുന്ന വീഡിയോയിലും ഉള്ളത്. 7.62 എംഎം പിസ്റ്റള്‍ ഉപയോ?ഗിച്ച് എങ്ങനെയാണ് ബുള്ളറ്റ് ലോഡ് ചെയ്യേണ്ടത്, ട്രിഗര്‍ വലിക്കേണ്ടത് തുടങ്ങി എല്ലാ വിവരങ്ങളും രഖിലിന് പറഞ്ഞുകൊടുത്ത് പഠിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പട്നയില്‍ നിന്നും വില്‍പ്പന കേന്ദ്രമായ മുന്‍ഗറിലേയ്ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മനീഷിനൊപ്പം രഖില്‍ സഞ്ചരിയ്ക്കുന്നതിന്റെ ദ്യശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ചിത്രങ്ങളും വീഡിയോ ദ്യശ്യങ്ങളും ഉപയോഗിച്ച് തോക്ക് മുന്‍ഗറില്‍ നിന്നുതന്നെയാണ് വാങ്ങിയതെന്ന് തെളിയ്ക്കാന്‍ പോലീസിന് സാധിക്കും. മുന്‍ഗറിലെ തോക്ക് വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് രഖിലിനെ കൂടാതെ കേരളത്തിലേയ്ക്ക് കൂടുതല്‍ ആളുകള്‍ക്ക് തോക്ക് നല്‍കിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിയ്ക്കുന്നുണ്ട്.
മാനസയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റും നാടകീയമായിട്ടായിരുന്നു. പ്രതികളെ പിടികൂടാനായി കേരള പോലീസ് എത്തിയപ്പോള്‍ എതിര്‍പ്പുമായി മുന്‍ഗറില്‍ ആളുകളെത്തി. പ്രതിഷേധം കനത്തതോടെ ഇവരെ പിരിച്ച് വിടുന്നതിനായി പോലീസിന് വെടി ഉതിര്‍ക്കേണ്ടി വന്നു.
കള്ളത്തോക്കുകള്‍ നിര്‍മ്മിച്ച് രാജ്യത്തെ വിവിധയിടങ്ങളിലേയ്ക്ക് വില്‍പ്പന നടത്തുന്ന പ്രധാന കേന്ദ്രമാണ് ബിഹാറിലെ മുന്‍ഗര്‍. ഇവിടെ പര്‍സന്തോ ഗ്രാമത്തില്‍ നിന്നാണ് മാസനയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് ലഭിച്ചത് എന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് കോതമംഗലം എസ്‌ഐ മാഹിന്റെ നേത്യത്വത്തിലുള്ള സംഘം ഇവിടെയെത്തിയത്.
കേരള പോലീസില്‍ നിന്ന് മൂന്ന് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കള്ളത്തോക്ക് കേന്ദ്രമായതിനാല്‍ ബീഹാര്‍ പോലീസിന്റെ സേവനവും ഉറപ്പാക്കിയിരുന്നു. അതാനാലാണ് പ്രതിഷേധം ഉണ്ടായപ്പോള്‍ സമയോചിതമായി ഇടപെടാനായത്. പോലീസ് വെടി ഉതിര്‍ത്തതോടെ സംഘം പിന്‍വലിയുകയായിരുന്നു. ഇതോടെ രഖിലിന് തോക്ക് നല്‍കിയ സോനു കുമാര്‍ മോദിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് വേഗത്തില്‍ സാധിച്ചു.
സോനു കുമാര്‍ മോദിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് രഖിലിനെ തോക്ക് വിപണന കേന്ദ്രത്തില്‍ എത്തിച്ച ആളെക്കുറിച്ച് വിവരം ലഭിച്ചത്. പട്നയില്‍ ടാക്സി ഡ്രൈവറായ മനീഷ് ആണ്. പിന്നീട് മനീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. 35000 രൂപ നല്‍കിയാണ് തോക്ക് വാങ്ങിയത്. മുന്‍ഗറില്‍ നിന്ന് തന്നെ രഖിലിന് പരിശീലനം ലഭിച്ചതായാണ് സംശയിക്കുന്നത്. അറസ്റ്റിലായ സോനു കുമാര്‍ മോദിയെയും മനീഷിനെയും മുന്‍ഗറിലെ കോടതിയില്‍ ഹാജരാക്കി.
കൊലപാതകം നടത്തുന്നതിന് മുന്‍പ് രഖില്‍ ബീഹാര്‍ സന്ദര്‍ശിച്ചിരുന്നതായി രഖിലിന്റെ സുഹ്യത്തുക്കള്‍ മൊഴില്‍ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന് പോലീസ് സംഘം ഉറപ്പിച്ചത്. തോക്ക് നല്‍കിയവരെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.