അട്ടപ്പാടി: കുടുംബവഴക്കുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘം അട്ടപ്പാടി ആദിവാസി ഊരിൽ ഭീകരാന്തരീക്ഷം തീർത്തതായി പരാതി. സംഘർഷാവസ്ഥ സൃഷ്ടിച്ച് പോലീസ് ഷോളയൂർ വട്ടലക്കിയിലെ അച്ഛനേയും മകനേയും അറസ്റ്റ് ചെയ്തതായി പരാതി. ഊരുമൂപ്പനായ ചൊറിയമൂപ്പനേയും മകൻ മുരുകനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.മുരുകന്റെ 17 വയസുകാരൻ മകനെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.
കുറച്ചുദിവസങ്ങൾക്ക് മുൻപ് മുരുകനും കുടുംബവും ചേർന്ന് മറ്റൊരു കുടുംബത്തിന് നേരെ ആക്രമണം നടത്തിയതായി പോലീസ്ന് പരാതി ലഭിച്ചിരുന്നു. സംഭവത്തിൽ മുരുകനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കാനായി പോലീസ് ഊരിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. മുരുകനേയും പിതാവിനേയും അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ സ്ത്രീകളടക്കം ചേർന്ന് തടയുകയായിരുന്നു. തുടർന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു.
അതേസമയം, സ്റ്റേഷനിൽ വച്ച് മധ്യസ്ഥ ചർച്ചയിൽ പരിഹരിക്കാവുന്ന ഒരു പ്രശ്നത്തിനുമേൽ പോലീസ് സ്വീകരിച്ച നിലപാടിന് എതിരെ ആദിവാസി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുരുകനെയും മൂപ്പനേയും പിടിച്ചുകൊണ്ടുപോയതിനെതിരേ പ്രതിഷധസൂചകമായി ഷോളയൂർ പോലീസ് സ്റ്റേഷൻ സംഘടനകൾ ഉപരോധിക്കുകയും ചെയ്തു. അട്ടപ്പാടി എഎസ്പി ഓഫീസിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.
കൃത്യനിർവഹണം നടത്തുന്നതിൽ തടസ്സം നിന്നതിനാലാണ് സംഘർഷം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കുടുംബവഴക്കുമായി ബന്ധപ്പെട്ട പരാതിയിൽ നടപടിയെടുക്കുക മാത്രമാണ് ചെയ്തതെന്നും മുരുകന്റെ ആക്രമണത്തിൽ മറ്റൊരു ആദിവാസി യുവാവിന് പരിക്കേറ്റതായും പോലീസ് പറയുന്നു.
Discussion about this post