കോഴിക്കോട്: മുസ്ലിം ലീഗിൽ പൊട്ടിത്തെറിയെന്ന വാദങ്ങളെ തള്ളി എംകെ മുനീർ. മുസ്‌ലിം ലീഗിൽ ഉയർന്നു വന്ന ചർച്ചകൾ പോസിറ്റീവായി കാണുന്നെന്നെന്നും ഇപ്പോൾ പാർട്ടിക്കുള്ളിൽ ഉയർന്നുവന്നിട്ടുള്ള ചർച്ചകൾ പാർട്ടിക്ക് ഗുണം ചെയ്യുമെന്നുമാണ് മുനീർ പറഞ്ഞത്.
പാർട്ടിയിൽ ജനാധിപത്യത്തിന് യാതൊരു പോറലുമേറ്റിട്ടില്ല. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന യോഗം. നല്ല രീതിയിലാണ് ഉന്നതാധികാര സമിതി യോഗം ചേർന്നതെന്നും മുനീർ പറഞ്ഞു.
ചന്ദ്രികയിലെ പ്രതിസന്ധികളെ കുറിച്ച് മുനീർ തുറന്ന് സമ്മതിക്കുകയും ചെയ്തു. ചന്ദ്രികയിൽ ചില പ്രതിസന്ധികളുണ്ടെന്നത് വസ്തുതയാണ്. കോവിഡ് സാഹചര്യത്തിൽ പല മാധ്യമസ്ഥാപനങ്ങളിലും പ്രതിസന്ധിയുണ്ട്. അതുപോലെ തന്നെയാണ് ചന്ദ്രികയുടെ കാര്യവും.അത് പരിഹരിക്കുന്നതിനായി നടപടികൾ സ്വീകരിക്കും. പാർട്ടി ഒരിക്കലും ചന്ദ്രികയെ കൈവിടില്ലെന്നും മുനീർ വ്യക്തമാക്കി.
അതേസമയം മുഈൻ അലി വിവാദത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത മുഴക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുഈൻ അലിയ്‌ക്കെതിരെ നടപടി വേണമെന്ന് യോഗത്തിൽ കുഞ്ഞാലിക്കുട്ടി നിർബന്ധം പിടിച്ചെന്നാണ് വിവരം. എന്നാൽ പാണക്കാട് കുടുംബം ഒന്നടങ്കം എതിർത്തതോടെയാണ് കുഞ്ഞാലിക്കുട്ടി തന്റെ ആവശ്യത്തിൽ നിന്നും പിന്മാറിയത്.
Discussion about this post