കൊച്ചി: യൂട്യൂബ് പ്രാങ്ക് വീഡിയോ എന്ന പേരില്‍ പൊതു ഇടങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്ത യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചിറ്റൂര്‍റോഡ് സ്വദേശി ആകാശ് സൈമണ്‍ മോഹനാണ് (26) അറസ്റ്റിലായത്.
എറണാകുളം കച്ചേരിപ്പടിയില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. സ്ത്രീകളെ ശല്യം ചെയ്തത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കച്ചേരിപ്പടി ജങ്ഷനിലാണ് ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തും വിധം അശ്ലീല ചേഷ്ടകളും മറ്റും കാണിക്കുകയും അടുത്തുചെന്ന് അരോചകമായി സംസാരിക്കുകയും ചെയ്തത്.
സ്ത്രീകളുടെ പ്രതികരണമടക്കം സുഹൃത്തുക്കള്‍ മറഞ്ഞുനിന്ന് വീഡിയോയിലാക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രാങ്ക് വീഡിയോ പിടിച്ച് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയാണ് ആകാശ് സൈമണ്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് ഇയാള്‍ വിഡീയോ ചിത്രീകരിച്ചിട്ടുണ്ട്.
‘ഡിസ്റ്റര്‍ബിങ് ദി ഫീമെയില്‍സ് -കേരള പ്രാങ്ക്’ എന്ന തലക്കെട്ടില്‍ രണ്ട് വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ ആകാശ് അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് നീക്കം ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. വീഡിയോ ചിത്രീകരിക്കാന്‍ സഹായിച്ച ആകാശിന്റെ സുഹൃത്തുക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഴ്ചക്കാരെ കൂട്ടുന്നതിന് വേണ്ടി യൂ ട്യുബിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇത്തരത്തില്‍ നിരവധി ദൃശ്യ ശകലങ്ങളാണ് ദിനം പ്രതി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
വില്ലന്‍ ഹബ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. ഏകദേശം അഞ്ച് വീഡിയോകളാണ് നിലവിലുള്ളത്. ഈ വീഡിയോകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായും പോലീസ് വ്യക്തമാക്കി. വീഡിയോ ഷൂട്ട് ചെയ്യാന്‍ സഹായിച്ച യൂട്യൂബറുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post