തിരുവാര്‍പ്പ്: ആമ്പല്‍പ്പൂക്കളാല്‍ നിറഞ്ഞ് സഞ്ചാരികളെ കാത്തിരിക്കുകയാണ് മലരിക്കല്‍ പാടം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ മലരിക്കലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ എത്തി തുടങ്ങി. എന്നാല്‍ ഇപ്പോള്‍ കരയില്‍ നിന്ന് പാടം കണ്ട് ആസ്വദിച്ച് പൂക്കള്‍ വാങ്ങി മടങ്ങാനെ സാധിക്കുകയൊള്ളൂ. ഒരാഴ്ച കൂടി പിന്നിട്ടാല്‍ പൂക്കളെ വള്ളത്തില്‍ അടുത്തുപോയി കണ്ട് ആസ്വദിക്കാവുന്നതാണ്.
വള്ളങ്ങളില്‍ സഞ്ചാരികളെ കൊണ്ടുപോകാനുള്ള സംവിധാനം പൂര്‍ണമായും ആരംഭിച്ചിട്ടില്ല. വള്ളക്കാര്‍ക്കു വാക്സീന് എടുക്കുന്നതിനുള്ള നടപടി ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വള്ളക്കാര്‍ക്ക് വാക്സീന് നല്കുന്നതിനു മുന്‍ഗണന നല്‍കണമെന്ന് പഞ്ചായത്ത് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ ആമ്പല്‍ വിരിയുന്ന സമയത്താണു സഞ്ചാരികളുടെ വരവ്. കിലോമീറ്ററോളം പരന്നുകിടക്കുന്ന ആമ്പല്‍പാടം ഏവരുടെയും മനം കവരുകയും ഉള്ളം നിറയ്ക്കുന്നതുമായ കാഴ്ചയാണ്. മുട്ടറ്റം വെള്ളമുള്ള പാടത്തിലൂടെ വള്ളത്തില്‍ ആമ്പല്‍ പൂവിന് അരികിലൂടെയുള്ള യാത്രയാണ് ഇവിടത്തെ ആകര്‍ഷണം.
ആമ്പല്‍ കാഴ്ചയ്ക്ക് കൊണ്ടുപോകുന്നതിനായി നൂറ്റിയന്‍പതിലേറെ ചെറുവള്ളങ്ങളാണ് മുന്‍പ് ഉണ്ടായിരുന്നത്. നെല്‍ക്കൃഷി കഴിഞ്ഞു പാടത്ത് വെള്ളം കയറ്റി ഇടുന്ന സമയത്താണു ആമ്പല്‍ വിരിയുന്നത്. ഈ ആമ്പല്ക്കാഴ്ചകള്ക്ക് ഇനി ഒന്നര മാസം കഷ്ടിച്ചേ ആയുസ്സുണ്ടാകൂ. കൃഷിക്കു വേണ്ടി പാടത്തെ വെള്ളം വറ്റിക്കുമ്പോള്‍ ആമ്പല്‍ നശിക്കും. പിന്നെ അടുത്ത വര്‍ഷം വരെ കാത്തിരിക്കണം.
Discussion about this post