വാളയാര്‍: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരന് ഭക്ഷണം നല്കി മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബൈക്ക് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വടകരപ്പതി പരിശിക്കല്‍ കൊട്ടില്‍കാരര്‍ വീട്ടില്‍ അമല്‍രാജിന്റെ മകന് ഗ്രിഗോറി (32) ആണു മരിച്ചത്.
സഹോദരന്റെ ശസ്ത്രക്രിയയ്ക്കു ആശുപത്രിയില്‍ അടയ്ക്കാന്‍ ഗ്രിഗോറി കൈയ്യില്‍ കരുതിയിരുന്ന 10000 രൂപ അജ്ഞാതര്‍ കവര്‍ന്നു. ബന്ധുക്കളാണ് പണം നഷ്ടപ്പെട്ട വിവരം പറഞ്ഞത്. അപകടത്തില്‍പെട്ട് ദേശീയപാതയോരത്തു രക്തം വാര്‍ന്ന് കിടക്കവെയാണ് അജ്ഞാതര്‍ പണം കവര്‍ന്നത്.
വാളയാറിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി ചികിത്സയില്‍ കഴിയുന്ന സഹോദരന് അരുണ്‍കുമാറിനെ കണ്ടു മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രി 11നു ദേശീയപാത പതിനാലാംകല്ലിലാണ് അപകടം നടന്നത്. റോഡില്‍ അര മണിക്കൂറിലേറെ ചോര വാര്‍ന്നു കിടന്നു. ഒടുവില്‍ ഗ്രിഗോറിയെ യാത്രക്കാരില്‍ ഒരാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു സ്വകാര്യ ആശുപത്രി ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ജീവന് രക്ഷിക്കാനായില്ല.
അപകടത്തിനു ശേഷം നിര്‍ത്താതെ പോയെങ്കിലും സിസിടിവിയുടെ സഹായത്തോടെ വാഹനം പിടികൂടി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പണമോ മറ്റു വിലപ്പെട്ട വസ്തുക്കളോ ഗ്രിഗോറിയില് നിന്നു ലഭിച്ചതായി ആശുപത്രി രേഖകളില്‍ ഇല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും എസ്ഐ ആര്.രാജേഷ് അറിയിച്ചു. ഗ്രിഗോറി കോയമ്പത്തൂരിലെ ലെയ്ത്ത് വര്‍ക്ഷോപ് ജീവനക്കാരനാണ്. മൃതദേഹം സംസ്കാരം നടത്തി. ലീലാ മേരിയാണു അമ്മ.
Discussion about this post