പേര് ഷാനവാസ് സിഎം, കടയില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്തപ്പോള്‍ ‘ഷാനവാസ് മുഖ്യമന്ത്രി’, രണ്ടാം ഡോസ് സ്വീകരിക്കുമ്പോള്‍ ‘സ്ഥാനക്കയറ്റം’ ഉണ്ടാകുമോ എന്ന് കമന്റ്

കങ്ങഴ: പുതുക്കിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കടയില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇൗ നിര്‍ദേശം പാലിച്ച് കടയില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ച ഷാനവാസ് തനിക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റ് കണ്ട് ഞെട്ടി. സര്‍ട്ടിഫിക്കറ്റിലെ ഷാനവാസിന്റെ പേര് ഷാനവാസ് മുഖ്യമന്ത്രി എന്നായിരുന്നു.

സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുഖ്യമന്ത്രിയായതറിഞ്ഞു ശരിക്കും അമ്പരന്ന അവസ്ഥയിലായിരുന്നു ഷാനവാസ്. ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിനായി മൊബൈല്‍ നമ്പറും ഒടിപിയും കൊടുത്തു കോവിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തപ്പോഴാണു സംഭവം.

പത്തനാട് ചേരിയില്‍ ഷാനവാസിന്റെ മുഴുവന്‍ പേര് സി.എം.ഷാനവാസ് എന്നാണ്. കോവിന്‍ പോര്‍ട്ടലിന്റെ മലയാളം പതിപ്പില്‍ സി.എം എന്നതു ചീഫ് മിനിസ്റ്റര്‍ എന്നതിന്റെ ചുരുക്കെഴുത്തായി പരിഗണിച്ചു പോര്‍ട്ടല്‍ തന്നെ പരിഭാഷപ്പെടുത്തിയപ്പോഴാണ് റജിസ്‌ട്രേഷന്‍ പേജില്‍ പേര് ‘ഷാനവാസ് മുഖ്യമന്ത്രി’ എന്നായത്.

സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതില്‍ ഇംഗ്ലിഷില്‍ ഷാനവാസ് സി.എം എന്നുതന്നെയാണ് എഴുതിയിരിക്കുന്നത്. രണ്ടാം ഡോസ് സ്വീകരിക്കുമ്പോള്‍ ‘സ്ഥാനക്കയറ്റം’ ഉണ്ടാകുമോ എന്നറിയില്ലെന്നാണു ഷാനവാസിന്റെ കമന്റ്. ഷാനവാസിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

Exit mobile version