തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ ഭര്‍ത്താവായ
കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത് ചട്ടമനുസരിച്ചെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കി എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്. നടപടി ക്രമത്തില്‍ വീഴ്ചയില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കിരണിനെതിരേ നടപടി എടുത്ത ശേഷമേ വിസ്മയയുടെ വീട് സന്ദര്‍ശിക്കൂ എന്ന വാക്ക് പാലിച്ച് മന്ത്രി ഇന്ന് രാവിലെ വിസ്മയയുടെ വീട് മന്ത്രി സന്ദര്‍ശിച്ചു.
നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും താക്കീത് നല്‍കി വിടുന്നത് സമൂഹം പൊറുക്കില്ലെന്നും മന്ത്രി പറഞ്ഞു. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാനാകില്ല. വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. നിയമം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടപ്പാക്കി. പുറത്താക്കാനുള്ള അധികാരം വകുപ്പിനുണ്ട്. ഹീനമായ പ്രവര്‍ത്തി നടത്തി സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ ആളെ പിരിച്ചുവിടുകയാണ് ചെയ്തത്. ഇതിനു മുന്‍പ് ആരെങ്കിലും പിരിച്ചുവിട്ടോ എന്നത് താന്‍ നോക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കിരണിന് നടപടിക്കെതിരെ സുപ്രീം കോടതി വരെ പോകാം. അദ്ദേഹത്തിന്റെ അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കില്ല. പക്ഷേ സര്‍ക്കാരും ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിസ്മയയുടെ കുടുംബത്തിന് നല്‍കിയ വാക്ക് പാലിച്ചെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
കിരണിനെതിരെ നടപടി സ്വീകരിച്ച ശേഷം വീട്ടിലെത്തും എന്നാണ് മന്ത്രി അന്ന് പറഞ്ഞിരുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. വിസ്മയയുടെ ശാസ്താംകോട്ടയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെയാണ് മോട്ടോര്‍ വാഹനവകുപ്പിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. കിരണിനെതിരെ നടപടിയെടുത്താല്‍ മാത്രമെ വിസ്മയയുടെ വീട് സന്ദര്‍ശിക്കുകയുള്ളൂവെന്നും ആന്റണി രാജു നേരത്തെ പിതാവിന് ഉറപ്പുനല്‍കിയിരുന്നു.
സ്ത്രീ വിരുദ്ധ പ്രവൃത്തി, സാമൂഹിക വിരുദ്ധവും ലിംഗ നീതിക്ക് നിരക്കാത്തതുമായ നടപടി, ഗുരുതര നിയമലംഘനം, പെരുമാറ്റ ദൂഷ്യം എന്നിവ വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റേയും മോട്ടോര്‍ വകുപ്പിന്റേയും അന്തസിനും സല്‍പ്പേരിനും കളങ്കം വരുത്തിയതിനാല്‍ (1960 ലെ കേരള സിവില്‍ സര്‍വ്വീസ് പെരുമാറ്റ ചട്ടം 11(1)8). സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം (1960 ലെ കേരള സിവില്‍ സര്‍വ്വീസ് പെരുമാറ്റചട്ടം 93 (സി) എന്നിവ പ്രകാരമാണ് കിരണിനെ പിരിച്ചുവിട്ടത്. ഇത്തരത്തില്‍ പിരിച്ചു വിടാനുള്ള വകുപ്പുണ്ടെന്നും എന്നാല്‍ അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നുമാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതികരിച്ചത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. മുന്‍പൊരിക്കല്‍ കിരണ്‍ മദ്യപിച്ച് വീട്ടിലെത്തി വിസ്മയയെ തല്ലിയിരുന്നു. കുടുംബം കേസുമായി മുന്നോട്ടുപോയെങ്കിലും കിരണിന്റെ മേലുദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്നും ആരോപണമുണ്ട്.