കൊച്ചി: വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബഡ്ജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്. വനിതാ മതിലും ഇത്തരം പ്രചാരണത്തിന്റെ ഭാഗമാണ്. വനിതാ മതിലില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ആയതിനാല്‍ ഇത്തരം ക്യാമ്പയിനുകള്‍ക്ക് ബഡ്ജറ്റില്‍ നീക്കിവച്ച പണം ഉപയോഗിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, യുവജനോത്സവം, ബിനാലെ തുടങ്ങിയവ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദിച്ചിരുന്നു.
Discussion about this post