മലപ്പുറം: കരിപ്പൂരില്‍ നടന്ന വിമാനാപകടം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 184 യാത്രക്കാരില്‍ 21 പേരാണ് മരണപ്പെട്ടത്. പൈലറ്റും സഹപൈലറ്റും അപകടത്തില്‍ മരിച്ചു. പറന്നിറങ്ങിയ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്.
കരിപ്പൂരില്‍ അപകടം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നഷ്ടപരിഹാരം ലഭിക്കാത്തവരാണ് അപകടത്തില്‍പ്പെട്ട പകുതിയിലേറെപ്പേരും. ഇവരില്‍ മുന്നോട്ടു ജീവിക്കാന്‍ മറ്റു വഴികളൊന്നുമില്ലാത്ത 90 പേരാണ് ഇതിനകം നഷ്ടപരിഹാരം വാങ്ങിയത്. ബാക്കിയുള്ളവരുടെ കാത്തിരിപ്പ് തുടരുകയാണ്.
അപകടത്തിനു പിന്നാലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായവും കിട്ടിയില്ല. അപകടത്തില്‍പ്പെട്ടതോടെ ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ട പലരും ജീവിക്കാന്‍ തന്നെ പാടുപെടുകയാണ്. അന്ന് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന പൊന്നാനി അയിരൂര്‍ സ്വദേശി ഷരീഫ് മരണത്തെ മുഖാമുഖം കണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
അന്ന് കാലിനേറ്റ പൊട്ടലും മുറിവും ഇനിയും ഭേദമായിട്ടില്ല. തുന്നിച്ചേര്‍ത്ത കാല്പാദത്തിന് ചലനശേഷിയുണ്ടാകില്ലെന്ന് വിധിയെഴുതിക്കഴിഞ്ഞു. ശസ്ത്രക്രീയകള്‍ ഇപ്പോഴും തുടരുകയാണ്. ഗള്‍ഫിലെ ജോലിയും നഷ്ടമായി. ചികില്‍സ ചിലവ് വഹിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസാണങ്കിലും നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല. ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഷരീഫ്.
Discussion about this post