അടിമാലി: ഇടുക്കിയില്‍ പാറക്കെട്ടില്‍ നിന്നും ഇരുനൂറടിയോളം താഴ്ചയിലേക്ക് വീണ പതിനാലുകാരന് അത്ഭുതരക്ഷ. മുട്ടുകാട് കൊങ്ങിണിസിറ്റി ബിജുവിന്റെ മകന്‍ ആദിനാഥ് (14) ആണ് രക്ഷപ്പെട്ടത്.
മുട്ടുകാട് മുനിപാറയില്‍ ഗുഹ കാണാന്‍ എത്തിയ ആദിനാഥ് കാല്‍തെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. മുനിയറകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഒരു കിലോമീറ്റര്‍ മാറിയുള്ള അള്ള് കാണാനായി സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം പോയതായിരുന്നു.
മുനിപ്പാറയിലേക്ക് കടക്കുന്നതിന് സമീപമുള്ള അരുവിയിലെ പാറകളിലെ പായലില്‍ കാല്‍വഴുതി പാറക്കെട്ടിലൂടെ താഴേക്ക് വീഴുകയായിരുന്നു.
500 അടിയോളം താഴ്ചയുള്ള കൊക്കയുടെ പകുതിയെത്തിപ്പോള്‍ പാറയില്‍ പിടുത്തംകിട്ടി. സംഭവം കണ്ടുനിന്ന സഹോദരന്‍ സമീപത്തെ വീട്ടുകാരുടെ അടുത്തെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വലയിട്ട് കൊടുത്ത് താഴെയിറക്കി. കാലിനും തലക്കും ഉള്‍പ്പെടെ പരിക്കേറ്റ ആദിനാഥിനെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്‍ആര്‍ സിറ്റി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടിമാലിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയപ്പോഴേക്കും കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.