തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസ് നിന്നു പിരിച്ചുവിട്ടതില്‍ അനുകൂലിച്ചുള്ള പ്രതികരണങ്ങളുടെ പ്രവാഹമാണ്. മന്ത്രി ആന്റണി രാജുവാണ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി അറിയിച്ചത്. വിസ്മയ ആത്മഹത്യ ചെയ്ത സമയം മന്ത്രി വീടു സന്ദര്‍ശിച്ചിരുന്നില്ലെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ പറഞ്ഞു. എന്നാല്‍ ഒരിക്കല്‍ വരുമെന്നും പറഞ്ഞതായി അദ്ദേഹം പ്രതികരിച്ചു. മന്ത്രി നാളെ വിസ്മയയുടെ വീട് സന്ദര്‍ശിക്കും.
മന്ത്രിമാരെല്ലാം വീട്ടില്‍ വന്നെങ്കിലും മന്ത്രി ആന്റണി രാജു വീട് സന്ദര്‍ശിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വകുപ്പിലെ ഉദ്യോഗസ്ഥന് പ്രതിയായിരുന്നതിനാലാണ് വരാതിരുന്നത്. കിരണിനെതിരെ നടപടി സ്വീകരിച്ച ശേഷമേ വിസ്മയയുടെ വീട്ടിലേക്ക് വരൂ എന്ന് മന്ത്രി പറഞ്ഞിരുന്നുവെന്ന് ത്രിവിക്രമന്‍ പറഞ്ഞു. ആ വാക്കാണ് ഇന്ന് പാലിക്കപ്പെട്ടത്. മന്ത്രി നാളെ തന്നെ വിസ്മയയുടെ വീടു സന്ദര്‍ശിക്കും. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഗതാഗതവകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു കിരണ്‍ കുമാര്‍. വിസ്മയയുടെ മരണത്തിനു പിന്നാലെ കിരണിനെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ പിരിച്ചുവിടണമെന്ന ആവശ്യവും ശക്തമായി നിലനിന്നിരുന്നു. അന്വേഷണം പൂര്‍ത്തിയാകും മുന്‍പേയായിരുന്നു നടപടി. ജൂണ്‍ 21നാണ് വിസ്മയയെ പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിരണിനെതിരെ സ്ത്രീധനപീഡനത്തിനും ഗാര്‍ഹികപീഡനത്തിനും കേസ് നില്‍ക്കുന്നുണ്ട്.
പിരിച്ചുവിടല്‍ നടപടി കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ്. ഇനി ഒരിക്കലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല. പെന്ഷന് പോലും ലഭിക്കില്ലെന്നാണ് വിവരം. ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന് സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു. എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയത്. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ വിസ്മയ സഹോദരന് വാട്സ്ആപ്പ് സന്ദേശമായി അയിച്ചിരുന്നു.
മന്ത്രിയുടെ വാക്കുകളിലേയ്ക്ക്;
സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും, സാമൂഹ്യ വിരുദ്ധവും ലിംഗ നീതിയ്ക്ക് നിരക്കാത്ത നടപടിയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി.
കൊല്ലം ശൂരനാട് പോലീസ് ജൂണ്‍ 21ന് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഭര്‍ത്താവായ എസ്. കിരണ്‍ കുമാറിന്റെ സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തരമായ കലഹത്താലും ശാരീരികവും മാനസികവുമായ ഉപദ്രവത്താലുമാണ് വിസ്മയ മര?ണപ്പെടാനിടയായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനമാണിത്. ഇതേത്തുടര്‍ന്ന് എസ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം 15 പ്രകാരം എസ്. കിരണ്‍ കുമാറിന് നിയമാനുസൃതമായ കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ചു. നിയമാനുസൃതമായി നടത്തിയ അന്വേഷണത്തിന്റെയും എസ്. കിരണ്‍ കുമാറിനെ നേരിട്ട് കേട്ടതിന്റെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റാരോപിതന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതിനാല്‍ 1960ലെ കേരള സിവില്‍ സര്‍വ്വീസ് ചട്ടം 11(1)(viii) പ്രകാരമാണ് എ എം വി ഐ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുവാന്‍ തീരുമാനിച്ചത്.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തെത്തുടര്‍ന്ന് ഭാര്യ മരണപ്പെട്ട കാരണത്താല്‍ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നത്.
സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്നും സ്ത്രീ സുരക്ഷയും ലിംഗ നീതിയും ഉയര്‍ത്തിപ്പിടിക്കുമെന്നും ബഹു. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിലും പൊതുസമൂഹത്തിനും നല്കിയ ഉറപ്പ് പാലിക്കുന്ന നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ പിടിച്ചുലച്ച വിസ്മയയുടേതു പോലുള്ള മരണങ്ങള് കേരളത്തില്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശമാണ് എ എം വി ?ഐ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാനുള്ള തീരുമാനം.
ആഗസ്റ്റ് 7 രാവിലെ 11 മണിയ്ക്ക് കൊല്ലത്തെ നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തി കുടുംബാഗങ്ങളെ സന്ദര്‍ശിക്കുന്നതാണ്
Discussion about this post