വിസ്മയ കേസ്: സസ്‌പെന്‍ഷന്‍ ചട്ടങ്ങള്‍ പാലിക്കാതെ; നടപടി സ്വീകരിക്കുമെന്ന് പ്രതി കിരണ്‍ കുമാര്‍

കൊല്ലം: വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതി കിരണ്‍ കുമാര്‍. സംഭവത്തിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്ര്യൂണലിനെ സമീപിക്കുമെന്ന് കിരണ്‍ കുമാറിന്റെ അഭിഭാഷകന്‍ അറിയിച്ചു.

കേരള സബോഡിനേറ്റ് സര്‍വീസ് റൂളിന്റെ ചട്ടങ്ങള്‍ പാലിക്കാതെയാണ് നടപടിയെന്നാണ് അഭിഭാഷകന്റെ വാദം. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറായിരുന്നു വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍.

ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന തീരുമാനം പ്രഖ്യാപിച്ചത്.

ഇതിനിടെ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി സ്വാഗതാര്‍ഹമെന്ന് വനിത കമ്മിഷന്‍. നടപടി എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

വിസ്മയയുടെ മരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു കിരണ്‍ കുമാര്‍. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍.

വിസ്മയയുടെ ആത്മഹത്യയെത്തുടര്‍ന്ന് കിരണിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടി. 1960-ലെ സര്‍വീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും ദുഷ്‌പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

Exit mobile version