കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ സംസാരിച്ചതിന് മുഈൻ അലി തങ്ങൾക്കെതിരെ പ്രതിഷേധിച്ച ലീഗ് പ്രവർത്തകൻ ഖേദം പ്രകടിപ്പിച്ച് രംഗത്ത്. നേതാക്കളെ മോശക്കാരായി ചിത്രീകരിച്ചപ്പോൾ ലീഗ് പ്രവർത്തകരുടെ വികാരമാണ് പ്രകടിപ്പിച്ചതെന്ന് ലീഗ് പ്രവർത്തകൻ റാഫി പുതിയകടവ് പ്രതികരിച്ചു. പറയാൻ പാടില്ലാത്ത ചില വാചകങ്ങൾ പറഞ്ഞതിൽ ഖേദമുണ്ട്. മുഈൻ അലി പറയുന്ന കാര്യങ്ങളിൽ ദുഃഖിക്കുന്നവരിൽ ഹൈദരാലി തങ്ങളുമുണ്ടെന്ന് റാഫി പറഞ്ഞു.
കഴിഞ്ഞദിവസം മുസ്ലിം ലീഗ് സംസ്ഥാനകമ്മിറ്റി ഓഫീസായ ലീഗ് ഹൗസിൽ വാർത്താ സമ്മേളനത്തിനിടെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായ മുഈൻ അലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതികരിച്ചത്. വേദിക്കടുത്തേക്കു പാഞ്ഞുവന്ന ലീഗ് പ്രവർത്തകൻ ഇതു ചോദ്യം ചെയ്തു ബഹളമുണ്ടാക്കിയതോടെ വാർത്താസമ്മേളനം തടസ്സപ്പെട്ടിരുന്നു.
ഹൈദരലി തങ്ങൾക്ക് ഇഡി നോട്ടിസ് കിട്ടാൻ കാരണം ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണെന്നാണ് മുഈൻ അലി തങ്ങൾ ആരോപിച്ചത്. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. തന്റെ പിതാവ് പാണക്കാട് ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദത്തിലാണ്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മുഈൻ അലി തങ്ങൾ ആരോപിച്ചിരുന്നു.
Discussion about this post