കൊല്ലം: ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗതാഗതവകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു കിരണ്‍ കുമാര്‍. വിസ്മയയുടെ മരണത്തിനു പിന്നാലെ കിരണിനെ സസ്‌പെന്റ് ചെയ്തിരുന്നു.
എന്നാല്‍ പിരിച്ചുവിടണമെന്ന ആവശ്യവും ശക്തമായി നിലനിന്നിരുന്നു. അന്വേഷണം പൂര്‍ത്തിയാകും മുന്‍പേയാണ് വകുപ്പിന്റെ അപൂര്‍വ്വ നടപടി. ജൂണ്‍ 21നാണ് വിസ്മയയെ പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിരണിനെതിരെ സ്ത്രീധനപീഡനത്തിനും ഗാര്‍ഹികപീഡനത്തിനും കേസ് നില്‍ക്കുന്നുണ്ട്.
കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സ്ത്രീധനപീഡന കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനെ പിരിച്ചുവിടുന്നത് ഇത് ആദ്യ സംഭവം കൂടിയാണ്. പിരിച്ചുവിടല്‍ നടപടി കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ്. ഇനി ഒരിക്കലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല. പെന്‍ഷന്‍ പോലും ലഭിക്കില്ലെന്നാണ് വിവരം.
ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു. എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയത്. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ വിസ്മയ സഹോദരന് വാട്‌സ്ആപ്പ് സന്ദേശമായി അയിച്ചിരുന്നു.