തിരുവനന്തപുരം: ഫോർട്ട് ഗവ. ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ ഡ്യൂട്ടി ചെയ്യുകയായിരുന്ന വനിതാ ഡോക്ടർക്കു നേരെ ആക്രമണം. ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്ത രണ്ടു പേരെ പോലീസ് പിടികൂടി. കരിമഠം സ്വദേശികളും സ്ഥിരം കുറ്റവാളികളുമായ റഷീദ്, റഫീഖ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ഒപി ബഹിഷ്‌കരിച്ചു. പോലീസ് എത്താൻ വൈകിയെന്നും ജീവനക്കാർ ആരോപിച്ചു. സ്ഥിരം പ്രശ്‌നക്കാരാണ് ആക്രമിച്ചതെന്ന് മർദ്ദനത്തിനിരയായി ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഡോക്ടർ മാലു മുരളി പറഞ്ഞു. കൈ പിടിച്ചു തിരിച്ചു. വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചു.
പ്രതികൾ മദ്യപിച്ചിരുന്നതായും പ്രതിയുടെ ശരീരത്തിലെ മുറിവിന്റെ കാരണം അന്വേഷിച്ചതാണു പ്രകോപന കാരണമെന്നും ഡോക്ടർ പറഞ്ഞു. പോലീസ് അറിയിച്ചു. ഇന്നലെ രാത്രി 12.30നായിരുന്നു ആക്രമണം. വരി നിൽക്കാതെ തർക്കം ഉണ്ടാക്കുകയായിരുന്നു. ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തലിൽ പ്രതിഷേധവുമായി ആരോഗ്യപ്രവർത്തകരുടെ സംഘടനകൾ രംഗത്തെത്തി.
ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. അതേസമയം, ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ആക്രമണങ്ങൾ അനുവദിക്കില്ലെന്നും ആശുപത്രി സന്ദർശിച്ച മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇതേത്തുടർന്ന് ബഹിഷ്‌കരണം പിൻവലിച്ചതായി ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു.