നാളെ മുതല്‍ കണ്ണൂരില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ്: 3000 രൂപയ്ക്ക് 15 മിനിറ്റിനുള്ളില്‍ റാപ്പിഡ് ടെസ്റ്റ്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്ക് വെള്ളിയാഴ്ച മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. ആദ്യദിനം ദുബായിലേക്കാണ് സര്‍വീസ്. ഇതിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ക്ക് ആവശ്യമായ റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം വിമാനത്താവളത്തില്‍ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളില്‍ 500 പേരെ പരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയതെന്ന് കിയാല്‍ ഓപറേഷന്‍ ഹെഡ് രാജേഷ് പൊതുവാള്‍ അറിയിച്ചു.

മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയാണ് ടെസ്റ്റ് നടത്തുന്നത്. 10 കൗണ്ടറുകളാണ് വിമാനത്താവള ടെര്‍മിനലില്‍ ഒരുക്കിയത്. 15 മിനിറ്റ് സമയം കൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. 3000 രൂപയാണ് ഫീസ് ഈടാക്കുന്നത്.

പരിശോധനക്ക് വാട്സ്ആപ്പില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. പരിശോധനാഫലം മൊബൈലിലും പരിശോധനാകേന്ദ്രത്തിലും ലഭിക്കും. 10 എണ്ണത്തില്‍ വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കായി രണ്ടുവീതം മാറ്റിവെച്ചിട്ടുണ്ട്. റാപ്പിഡ് പരിശോധന ഫലത്തോടൊപ്പം 48 മണിക്കൂറിനകമുള്ള കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റും വാക്സിന്‍ സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ കരുതണമെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version