കൊച്ചി: സൈക്കിള്‍ ശരിയാക്കാന്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നാടന്‍പാട്ട് കലാകാരന് അറസ്റ്റില്‍. നെടുമ്പാശ്ശേരി നായത്തോട് സ്വദേശി രതീഷാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. സൈക്കിള്‍ മെക്കാനിക്കായ രതീഷ് ചെത്തിക്കോട്ടെ ഒരുവീട്ടില്‍ സൈക്കിളിന്റെ പഞ്ചറൊട്ടിക്കാനായാണ് വന്നത്.
ഇതിനുശേഷം സമീപവാസിയായ മറ്റൊരാളും ഇയാളെ സൈക്കിള്‍ ശരിയാക്കുവാനായി വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സൈക്കിളിന്റെ ടയര്‍ പരിശോധിക്കുന്നതിനിടെ 13 വയസ്സുകാരിയെ കൊണ്ട് കാറ്റടിപ്പിച്ചു. ഇതിനിടെയാണ് മൊബൈല്‍ഫോണില്‍ നിലത്തുവെച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയത്.
എന്നാല്‍, ഫോണില്‍നിന്ന് ലൈറ്റ് തെളിയുന്നത് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കുട്ടി മൊബൈല്‍ ഫോണ്‍ പിടികൂടുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ഫോണ്‍ പരിശോധിച്ചപ്പോള്‍ തൊട്ടുമുമ്പ് സൈക്കിളിന് കാറ്റടിച്ചയാളുടെ ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. ഇയാളുടെ ഫോണില്‍നിന്ന് ഇത്തരത്തിലുള്ള മറ്റുപെണ്കുട്ടികളുടെയും ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് പറയുന്നു.