80 ലക്ഷത്തിന്റെ ലോട്ടറി അടിച്ചു, പുതിയ വീട് വാങ്ങി; പിന്നാലെ കടംപെരുകി, ഒടുവില്‍ ജീവിതം അവസാനിപ്പിച്ച് സൗമ്യ

കോട്ടയം: കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. അരീപ്പറമ്പ് സ്വദേശി സൗമ്യയാണ് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ഇവര്‍ മീനച്ചിലാറ്റില്‍ ചാടിയതെന്നാണ് പ്രാഥമിക നിഗമനം.

സൗമ്യയുടെ ഭര്‍ത്താവ് സുമേഷിന് നേരത്തെ 80 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് ഇവര്‍ പുതിയ വീട് വാങ്ങി. പിന്നീട് 15 ലക്ഷത്തോളം രൂപ കടബാധ്യത ഉണ്ടായതായി സൗമ്യയുടെ കുടുംബം പറഞ്ഞു. ഈ തുക തീര്‍ക്കാന്‍ സാധിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ചൊവ്വാഴ്ച ജോലി കഴിഞ്ഞും സൗമ്യ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കിടങ്ങൂരിലെത്തി. മീനച്ചിലാറ്റിന് സമീപം സൗമ്യയുടെ ബാഗും സ്‌കൂട്ടറും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ആത്മഹത്യാ കുറിപ്പും മൃതദേഹവും കണ്ടെത്തിയത്.

Exit mobile version