തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ കൂടുതൽ കുരുക്കിലാക്കി കെടി ജലീൽ എംഎൽഎ. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ എആർ നഗർ സഹകരണ ബാങ്കിലെ എൻആർഇ നിക്ഷേപം നിയമസഭയിൽ കെടി ജലീൽ വീണ്ടും ഉന്നയിച്ചു.
എആർ നഗർ സഹകരണ ബാങ്കിന് എൻആർഇ നിക്ഷേപം സ്വീകരിക്കാൻ അംഗീകാരമില്ലെന്നും അതിനാൽ കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയാകുമോ എന്നും ജലീൽ ചോദിച്ചത്. ‘കാർഷിക വായ്പ സഹകരണസംഘമായി രജിസ്റ്റർ ചെയ്തിട്ടുള്ള എആർ നഗർ സഹകരണ ബാങ്ക് അടക്കമുള്ള സഹകരണ ബാങ്കുകൾക്ക് എൻആർഇ നിക്ഷേപം തുടങ്ങാൻ ആർബിഐ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇത് യാഥാർഥ്യമായിരിക്കെ, എആർ നഗർ സഹകരണ ബാങ്കിൽ തൻറെ മകന്റെ പേരിലുള്ള എൻആർഇ നിക്ഷേപമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി സഭയിൽ നടത്തിയ പ്രസ്താവന വസ്തുതാപരമായി ശരിയാണോ’-എന്നാണ് ജലീൽ ചോദ്യം ചെയ്തത്.
അതേസമയം, എആർ നഗർ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച വിവരം തൻറെ പക്കലില്ലെന്നും പരിശോധിച്ച് ശേഷം പറയാമെന്നും മന്ത്രി വിഎൻ. വാസവൻ മറുപടി നൽകി. പോയിന്റ് ഓഫ് ഓർഡർ വഴി വിഷയത്തിൽ ഇടപെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മകന്റെ എആർ നഗർ സഹകരണ ബാങ്കിലെ അക്കൗണ്ട് എൻആർഇ നിക്ഷേപമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ചോദ്യോത്തരവേള വ്യക്തിപരമായ ആരോപണങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് സഭയുടെ നിർദേശങ്ങളിലുണ്ടെന്നും സതീശൻ പ്രതികരിച്ചു.