തിരുവനന്തപുരം: ഇന്നുമുതൽ സംസ്ഥാനത്തെ പുതിയ ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ആഴ്ചയിൽ ആറ് ദിവസം കടകൾക്ക് തുറക്കാൻ അനുമതി നൽകുന്നതാണ് പുതിയ ഇളവ്. ഞായറാഴ്ച സമ്പൂർണ അടച്ചുപൂട്ടൽ ആയിരിക്കും. അതേസമയം, ഒരു ഡോസ് വാക്‌സിൻ എടുത്തവർ അടക്കം മൂന്ന് വിഭാഗം ആൾക്കാർക്കാണ് കടകളിൽ പ്രവേശനാനുമതി.
ഒരു ഡോസ് വാക്‌സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർ, കോവിഡ് പോസീറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്ക് മാത്രമേ വ്യാപാരശാലകളിലും മാർക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ.
കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ,ധനകാര്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, മറ്റു വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെല്ലാം തിങ്കൾ മുതൽ ശനി വരെ തുറക്കാം. രാവിലെ 7 മുതൽ രാത്രി 9 വരെയാണ് പ്രവർത്തനാനുമതി.
ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല തുറന്ന സ്ഥലങ്ങളിലും വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. പാർക്കിംഗ് ഏരിയയും ഭക്ഷണം കഴിക്കാൻ ഉപയോഗിക്കാം. സ്‌കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, സിനിമാ തീയ്യറ്ററുകൾ എന്നിവ തുറക്കാൻ അനുമതിയില്ല. വിവാഹ, മരണാനന്തര ചടങ്ങ് എന്നിവയ്ക്ക് 20 പേർ മാത്രമേ പാടുള്ളു. ആരാധനാലയങ്ങളിൽ പരമാവധി 40 പേർ. ആഗസ്ത് എട്ട് ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണായിരിക്കും. എന്നാൽ ആഗസ്ത് 15നും 22നും ലോക്ഡൗൺ ഉണ്ടാകില്ല.
ഇനി മുതൽ ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങൾക്ക് പകരം പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ. ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാമുൻസിപ്പൽ വാർഡുകളിലെയും കോവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തിൽ എത്ര പേർക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
Discussion about this post