ഒരു ഒഴിവ്, ഇന്റര്‍വ്യൂവിന് പങ്കെടുക്കാനെത്തിയത് ആയിരത്തിലധികം പേര്‍; കൊവിഡ് തീര്‍ത്ത തൊഴിലില്ലായ്മയുടെ നേര്‍ചിത്രം

കൊല്ലം: ഒരു ഒഴിവിന് ഇന്റര്‍വ്യൂവിന് ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കാനെത്തിയതാണ് ഇന്ന് അമ്പരപ്പുളവാക്കുന്നത്. കൊവിഡ് മഹാമാരി തീര്‍ത്ത തൊഴിലില്ലായ്മ എത്രത്തോളമാണെന്ന് ഈ ചിത്രം കാണിച്ചു തരികയാണ്.

മില്‍മ കൊല്ലം ഡെയറിയിലെ ഡ്രൈവര്‍ കം ഓഫിസ് അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള അഭിമുഖത്തിനാണ് ഇന്നലെ ഇത്രയധികം പേര്‍ എത്തിയത്. വന്‍ തിരക്കേറിയതോടെ പോലീസ് സ്ഥലത്തെത്തി, നിയന്ത്രണങ്ങളോടെയാണ് ഉദ്യോഗാര്‍ഥികളെ പ്രവേശിപ്പിച്ചത്. ഡയറിയുടെ ഗേറ്റില്‍നിന്നു റോഡിലേക്ക് നീണ്ട നിര തന്നെ ആയിരുന്നു. പത്താം ക്ലാസ്, ബാഡ്‌ജോടു കൂടിയ ഡ്രൈവിങ് ലൈസന്‍സ്, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകളാണു അപേക്ഷിക്കാന്‍ വേണ്ടിയിരുന്നത്.

17,000 രൂപയാണു ശമ്പളം. കോവിഡ് കാലത്തു തൊഴില്‍ നഷ്ടപ്പെട്ട ഡ്രൈവര്‍മാരാണു കൂടുതലും എത്തിയതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇതരജില്ലകളില്‍നിന്നു പോലും ഒട്ടേറെപ്പേര്‍ എത്തി. ക്യൂ വളരെ നീളത്തില്‍ നീണ്ടപ്പോഴാണ് ഒരു ഒഴിവ് മാത്രമാണ് ഉള്ളതെന്ന വിവരം പ്രചരിച്ചത്. നോട്ടിഫിക്കേഷനില്‍ ഇക്കാര്യം വ്യക്തമല്ലായിരുന്നു. ക്യൂവില്‍ നിന്ന ഒട്ടേറെപ്പേര്‍ ഇതെത്തുടര്‍ന്ന് അഭിമുഖത്തില്‍ പങ്കെടുക്കാതെ തിരിച്ചു പോയി. 383 പേരെ ടോക്കണ്‍ നല്‍കി അകത്തു പ്രവേശിപ്പിച്ചെന്നും അതില്‍ നിശ്ചയിക്കപ്പെട്ട യോഗ്യതകളുണ്ടായിരുന്ന 272 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തെന്നും മില്‍മ അധികൃതര്‍ അറിയിച്ചു.

Exit mobile version