അയിലൂർ: കേരള ഭാഗ്യക്കുറിയിലൂടെ ഒരു കോടിക്ക് അർഹനായെങ്കിലും മണിക്ക് ഇപ്പോൾ ഭാഗ്യക്കുറി ബാധ്യതയായിരിക്കുകയാണ്. സംസ്ഥാനസർക്കാരിന്റെ ‘ഭാഗ്യമിത്ര’ ലോട്ടറിയുടെ ഒരു കോടി രൂപയുടെ സമ്മാനമടിച്ച അയിലൂർ കരിമ്പാറ പട്ടുകാട് മണി തന്റെ ദുരിതമെല്ലാം തീരുമെന്ന് സ്വപ്‌നം കണ്ടെങ്കിലും ദുരിതം ഇരട്ടിയാകുകയാണ് ഉണ്ടായത്.
ജനുവരി മൂന്നിന് നടന്ന നറുക്കെടുപ്പിലാണ് കൂലിപ്പണിക്കാരനായ മണി കോടിപതിയായത്. സമ്മാനാർഹമായ ടിക്കറ്റ് അയിലൂരിലെ സഹകരണബാങ്കിൽ ഏൽപ്പിച്ചു. ഒപ്പം തന്നെ സമ്മാനത്തുക കിട്ടിയാൽ തിരിച്ചടയ്ക്കാമെന്ന് കരുതി ബാങ്കിൽനിന്ന് 50,000 രൂപ വായ്പയുമെടുത്തു. പക്ഷെ, ലോട്ടറി ചതിച്ചു. ഏഴുമാസം കഴിഞ്ഞിട്ടും സമ്മാനത്തിനായുള്ള കാത്തിരിപ്പ് നീണ്ട് നീണ്ട് മണി ശരിക്കും വെട്ടിലായി. കോടിപതിയായ മണി ഇപ്പോൾ ബാങ്ക് ലോൺ ഉൾപ്പടെ വലിയ കടക്കാരനായി മാറി.
പിന്നീട്, സഹകരണബാങ്കിൽനിന്ന് ഭാഗ്യക്കുറി മാറ്റിനൽകാൻ സാങ്കേതികമായി പറ്റില്ലെന്ന അറിയിപ്പ് കിട്ടിയതോടെ മണി സമ്മാനാർഹമായ ടിക്കറ്റ് കേരള ബാങ്കിന്റെ നെന്മാറ ശാഖയിൽ ഏൽപ്പിച്ചു. ഭാഗ്യക്കുറിവകുപ്പ് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയെങ്കിലും ഭാഗ്യക്കുറിയുടെ സമ്മാനത്തുക നാളെ നാളെ എന്ന മട്ടിൽ നീളുകയാണ്.
കോടിപതിയെന്ന് നാട്ടുകാരും വിളിച്ചുതുടങ്ങിയതോടെ കൂലിപ്പണിക്ക് പതിവായി വിളിച്ചിരുന്നവർ പോലും ഇപ്പോൾ വിളിക്കുന്നില്ലെന്ന് മണി പറയുന്നു. അമ്മ കല്യാണിയുടെ ചികിത്സയ്ക്കുള്ള തുകപോലും കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് കുടുംബം. കോവിഡ് പ്രതിസന്ധിയും ഇവരുടെ ജീവിതത്തെ നരകമാക്കുകയാണ്. മകളുടെ കല്യാണത്തിന് മുമ്പെങ്കിലും തുക കിട്ടുമെന്നാണ് മണി ആശ്വസിക്കുന്നത്. ഭാര്യ തങ്കമണി, മകൾ ഷീജ, മകൻ രഞ്ജിത്ത് എന്നിവരടങ്ങിയതാണ് മണിയുടെ കുടുംബം. ഷീജ നേരത്തെ നെന്മാറയിലെ ടെക്‌സ്‌റ്റൈൽസിൽ ജോലിക്ക് പോയിരുന്നെങ്കിലും ലോക്ക്ഡൗണിൽ തുണിക്കടകൾക്ക് പ്രവർത്തനാനുമതി ഇല്ലാതായതോടെ അതും നിലച്ചു.
കോവിഡ് അടച്ചുപൂട്ടലിനെത്തുടർന്ന് ഭാഗ്യക്കുറിവിൽപന തടസപ്പെട്ടതുമൂലമാണ് സമ്മാനത്തുക നൽകുന്നതിൽ കാലതാമസമെന്ന് ലോട്ടറിവകുപ്പ് വിശദീകരിക്കുന്നു. ഇപ്പോൾ മുൻഗണനാക്രമത്തിലാണ് പണം വിതരണമെന്നും ഓണത്തിന് മുൻപ് മണിയുടെ സമ്മാനത്തുക നൽകുമെന്നും അവർ അറിയിച്ചു.
Discussion about this post