കോഴിക്കോട്: ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വ്യാജരേഖ ചമച്ച് ബാങ്കില്‍ നിന്നും പണം തട്ടിയ കേസില്‍ അറസ്റ്റില്‍. കോഴിക്കോട് രാമനാട്ടുകരയില്‍ താമസിക്കുന്ന വിപിന്‍ കാര്‍ത്തിക്, അമ്മ ശ്യാമള എന്നിവരെയാണ് അറസ്റ്റിലായത്.
ഗുരുവായൂര്‍ ടെമ്പിള്‍ പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 24 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. 14 ലക്ഷത്തിന്റെ കാര്‍ വാങ്ങാനായി ബാങ്കില്‍ നിന്ന് ലോണെടുത്ത വിപിന്‍ കാര്‍ത്തിക്, വിലകുറഞ്ഞ കാര്‍ എടുക്കുകയും ആര്.സി ബുക്ക് തിരുത്തി അതേ വാഹനമാണെന്ന് കാണിച്ച് ബാങ്കിനെ കബളിപ്പിക്കുകയുമായിരുന്നു.
പിന്നീട് മറ്റൊരു വാഹനത്തിന് 10 ലക്ഷവും വായ്പ എടുത്തു. ഇതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചു. രണ്ട് വാഹനങ്ങളുടേയും തിരച്ചടവ് ഇല്ലാതായതോടെ കഴിഞ്ഞ ഫെബ്രുവരി 26 ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിബിന് നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാര്‍ത്തിക് വേണു ഗോപാല്‍ എന്ന പേരില്‍ കോഴിക്കോട് വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. വാഹന പരിശോധനക്കിടെയാണ് ഇയാളെ ഗുരുവായൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. 2019 ല്‍ ഗുരുവായൂരിലെ ബാങ്ക് മാനേജരായ കുന്നംകുളം സ്വദേശി സുധയെ കബളിപ്പിച്ച് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലായിരുന്നു നേരത്തെ ഇവര്‍ അറസ്റ്റിലായത്.
ഐപി.എസ് ഉദ്യോഗസ്ഥനാണെന്ന വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന് ആഡംബര കാറുകള്‍ വായ്പയെടുക്കുകയായിരുന്നു. പിന്നീട് വായ്പ അടച്ച് തീര്‍ന്നതായുള്ള വ്യാജരേഖയുണ്ടാക്കി കാര്‍ മറിച്ച് വില്‍പ്പന നടത്തുകയുമാണ് വിപിന്റെ പതിവ്.
Discussion about this post