തിരുവനന്തപുരം: എസ്എംഎ ബാധിച്ച കണ്ണൂര്‍ ജില്ലയിലെ മുഹമ്മദിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന മരുന്നിന്റെ നികുതിയും ജിഎസ്ടിയും ഒഴിവാക്കി. എംപി ഇടി മുഹമ്മദ് ബഷീറിന്റെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നികുതിയിളവിന് അനുമതി നല്‍കുകയായിരുന്നു.
ആദ്യ സമയത്ത് തന്നെ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കോടികള്‍ വരുന്ന നികുതികള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ആ അഭ്യര്‍ത്ഥന മാനിച്ച് നികുതിയിളവ് നല്‍കിയതായി കേന്ദ്ര ധനകാര്യമന്ത്രി കത്തിലൂടെ അറിയിച്ചിരിക്കുന്നുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
മുഹമ്മദിന് ഉടന്‍ ചികിത്സ ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. 6 കോടിയോളം രൂപയാണ് നികുതിയിനത്തില്‍ ഇളവ് ലഭിക്കുക. ഇന്ത്യയില്‍ എസ്എംഎ ബാധിച്ച കുട്ടികള്‍ക്കായി നേരത്തെയും സമാനമായ രീതിയില്‍ നികുതിയിളവ് ലഭിച്ചിരുന്നു.
എസ്എംഎ ബാധിതര്‍ക്കായുള്ള മരുന്നിന്റെ ഇറക്കുമതി നികുതിയും മറ്റു നികുതികളും പൂര്‍ണമായും എടുത്തു കളയണമെന്ന് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് നികുതി ചുമത്തുന്നത് നീതികേടാണെന്നും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.
അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നരവയസ്സുകാരന്‍ മുഹമ്മദിനായി 46.78 കോടി രൂപയാണ് സമാഹരിച്ചത്. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 7.77 ലക്ഷം പേരുടെ സഹായത്തിലാണ് തുക ലഭിച്ചത്. മുഹമ്മദിന്റെ ചികിത്സയ്ക്ക് ശേഷം ബാക്കിയുള്ള തുക സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മറ്റ് കുട്ടികള്‍ക്ക് നല്‍കുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.
പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ ആവശ്യമായ സോള്‍ജെന്‍സ്മ എന്ന മരുന്നിനായി 18 കോടി രൂപ കണ്ടെത്താനായിരുന്നു കുടുംബത്തിന്റെ പ്രയത്‌നം.
മുഹമ്മദിന് സഹായം നല്‍കണം എന്നാവശ്യപ്പെട്ട് കേരളം ഒന്നാകെ കൈകോര്‍ത്തതോടെ ലോകമെമ്പാടുമുള്ളവരുടെ സഹായം മുഹമ്മദിനേയും കുടുംബത്തേയും തേടി എത്തുകയായിരുന്നു. തുടര്‍ന്ന് സുമനസ്സുകളുടെ സഹായത്തോടെ വെറും ആറുദിവസത്തിനുള്ളിലായിരുന്നു തുക കണ്ടെത്തിയത്.