ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമല സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ഹര്‍ജി ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും.
ചിത്തിര ആട്ടവിശേഷത്തിന് മകന്റെ കുട്ടിക്ക് ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശി ലളിതയെയും കൂടെയുണ്ടായിരുന്ന ബന്ധുക്കളെയും തടഞ്ഞതിനും മര്‍ദ്ദിച്ചതിനുമാണ് കേസ്. ഗൂഢാലോചന കുറ്റമാണ് വത്സന്‍ തില്ലങ്കേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെയും ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.
ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോള്‍ തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പോലീസെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല.
പമ്പയില്‍ നിന്നും പ്രായം പരിശോധിച്ചിരുന്നു. അക്രമികള്‍ പമ്പയില്‍ തന്നെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നുവെന്നും ഇതിനു പിന്നാലെയായിരുന്നു സന്നിധാനത്തെ അക്രമമെന്ന് ലളിത പറഞ്ഞിരുന്നു. 20 പേരടങ്ങുന്ന സംഘമായാണ് തിരിച്ചതെങ്കിലും കൂട്ടത്തിലെ അഞ്ച് സ്ത്രീകളെ പമ്പയില്‍ നിര്‍ത്തി പേരക്കുട്ടിയും ലളിതയും അടങ്ങുന്ന 14 പേരാണ് സന്നിധാനത്തെത്തിയത്.
Discussion about this post