പത്തനംതിട്ട: ബിരിയാണി കഴിച്ചതിനെ തുടര്‍ന്ന് വായില്‍ പരുക്ക് പറ്റിയ ഉപഭോക്താവിന് ഹോട്ടലുടമ 12000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. തിരുവല്ല എലൈറ്റ് കോണ്ടിനന്റല് ഹോട്ടലുടമക്കെതിരേയാണ് 10000 രൂപ നഷ്ടപരിഹാരവും രണ്ടായിരം രൂപ കോടതി ചെലവും നല്‍കുന്നതിനാണ് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് വിധിച്ചത്.
കോന്നി-വകയാര്‍ കുളത്തുങ്കല്‍ വീട്ടില്‍ ഷൈലേഷ് ഉമ്മന്‍ 2017ല്‍ പത്തനംതിട്ട ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ ഫയല്‍ ചെയ്ത കേസിലാണ് നിര്‍ണായകമായ വിധിയുണ്ടായത്.
2017 ഒക്ടോബര്‍ 11ന് തിരുവല്ല എലൈറ്റ് കോണ്ടിനന്റിനില് ഷൈലേഷ് ഉമ്മന്‍ കുടുംബസമേതം ഭക്ഷണം കഴിക്കാന്‍ കയറുകയും ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. ഹര്ജിക്കാരന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ വായില്‍ ബിയര്‍ കുപ്പിയുടെ പൊട്ടിയ ഗ്ലാസ് ചില്ലുകൊണ്ട് വായ് മുറിയുകയും ആശുപത്രിയില്‍ പോകേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.
ഈ വിവരം ഹര്ജിക്കാരന് എതിര് കക്ഷിയായ ഹോട്ടലിലെ മാനേജരോട് പറഞ്ഞപ്പോള്‍, ഇതൊക്കെ സര്‍വ സാധാരണമാണെന്ന് വളരെ ധിക്കാരപരമായ രീതിയിലാണ് എതിര് കക്ഷി പ്രതികരിച്ചതെന്ന് ഹര്ജിക്കാരന് കമ്മീഷനില്‍ മൊഴി നല്കി.
കോടതിയില്‍ ഹാജരായ ഹര്ജികക്ഷിയുടെയും എതിര് കക്ഷിയുടേയും വാദങ്ങളും, തെളിവുകളും പരിശോധിച്ച് കമ്മീഷന്, ഹര്‍ജി കക്ഷിയുടെ പരാതി ന്യായമാണെന്നു കണ്ടെത്തുകയും ഹര്‍ജി കക്ഷിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് പ്രസിഡന്റ് ബേബിച്ചന് വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍ ഷാജിതാ ബീവി, നിഷാദ് തങ്കപ്പന് ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.
Discussion about this post