പാലക്കാട്: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കവിതയിലൂടെ ഇടം പിടിച്ച പാലക്കാട് കുഴല്‍മന്ദം സ്വദേശി സ്‌നേഹയ്ക്ക് അന്ന് നല്‍കിയ വാക്ക് പാലിച്ച് തോമസ് ഐസക്ക്. സ്നേഹയ്ക്ക് വീട് നല്‍കാമെന്ന വാക്കാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തോമസ് ഐസക് നടപ്പിലാക്കിയത്. ജനകീയാസൂത്രണ പ്രവര്‍ത്തകര്‍ സമാഹരിച്ച എട്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് പഴയവീടിന്റെ സ്ഥാനത്ത് പുതിയ വീട് നിര്‍മിച്ചത്.
തന്റെ കവിത ചൊല്ലിയ തോമസ് ഐസക്കിനോട് താന്‍ പഠിക്കുന്ന സ്‌കൂളിന്റെ ശോചനീയാവസ്ഥ മാറ്റണമെന്നായിരുന്നു സ്‌നേഹയുടെ ആവശ്യം. ഇതോടെ സ്‌നേഹയുടെ കവിതയും സ്‌കൂളുമെല്ലാം ചര്‍ച്ചയായി. സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനത്തിന് തോമസ് ഐസക്ക് നേരിട്ടെത്തി. അവിടെ വെച്ച് തോമസ് ഐസക് നല്‍കിയ വാഗ്ദാനമായിരുന്നു സ്‌നേഹയ്‌ക്കൊരു വീട് നിര്‍മ്മിച്ച് നല്‍കും എന്നത്. ആറുമാസത്തിനകം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി സ്‌നേഹയ്ക്ക് കൈമാറുകയാണ്.
തോമസ് ഐസക്കിനൊപ്പം ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. രണ്ടു കിടപ്പുമുറിയും അടുക്കളയും ഹാളും സിറ്റൗട്ടും ചേര്‍ന്ന സുന്ദരമായ വീട്ടിലിരുന്ന് ഇനി സ്‌നേഹയ്ക്ക് കവിത എഴുതാം.
പുല്ലുവെട്ട് തൊഴിലാളിയും ഡ്രൈവറുമാണ് സ്‌നേഹയുടെ അച്ഛന്‍ കണ്ണന്‍. അമ്മ രമാ ദേവിയും സഹോദരി രുദ്രയുമെല്ലാം നിറഞ്ഞ സന്തോഷത്തിലാണ്. മകളുടെ കവിതയില്‍ പറഞ്ഞതുപോലെ ഇരുട്ട് മാറി തുടങ്ങിയിരിയ്ക്കുന്നു. ഇത്ര പെട്ടെന്ന് പുതിയ വീടാകുമെന്ന് കരുതിയില്ലെന്നും സന്തോഷമെന്നും ഇവര്‍ വ്യക്തമാക്കി.