ന്യൂഡൽഹി: വിവാഹം കഴിക്കാൻ അവകാശമുണ്ടായിട്ടും ഹൈക്കോടതി പരാമർശങ്ങൾ കാരണം ജയിൽ സൂപ്രണ്ട് വിവാഹത്തിനായി ജാമ്യം നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിക്ക് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി. ഇരയെ വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇരയെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ നീക്കം ചെയ്യാൻ വിസമ്മതിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
വിവാഹം ഉൾപ്പടെ ഉള്ള ആവശ്യങ്ങളിൽ ഇരുവർക്കും ഹൈക്കോടതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇരയ്ക്ക് വേണ്ടി ഹാജരായ കിരൺ സൂരി കുറ്റവാളിക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തിരുന്നു. ഇരയ്ക്ക് ശിക്ഷിക്കപ്പെട്ട പ്രതിയെ വിവാഹം ചെയ്യണം. കുട്ടിക്ക് നിയമപരമായ പിതൃത്വം ഉറപ്പാക്കാൻ ആണ് വിവാഹമെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചെങ്കിലും ജസ്റ്റിസ് വിനീത് ശരണും ജസ്റ്റിസ് ദിനേശ് മഹേശ്വരിയും അംഗങ്ങളായ ബെഞ്ച് ഇക്കാര്യത്തിൽ ഇടപെടില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇരയുടെ കുട്ടിക്ക് നാല് വയസായി. സ്‌കൂളിൽ ചേർക്കാറായി. ജാമ്യം അനുവദിച്ചാൽ മാത്രമേ വിവാഹം നടക്കു. രണ്ട് മാസത്തേക്ക് കോടതി ജാമ്യം അനുവദിക്കണമെന്നും കിരൺ സൂരി ഇരയ്ക്കായി വാദിച്ചു.
പ്രതി റോബിൻ വടക്കുംചേരിയുടെ അഭിഭാഷകനായ ഡോ. അമിത് ജോർജും ഇതേവാദം ആവർത്തിച്ചു. ഇരയെ വിവാഹം കഴിക്കുന്നതിന് ആണ് ജാമ്യം ചോദിക്കുന്നത്. കുട്ടിക്ക് നിയമപരമായ പിതൃത്വം ഉറപ്പാക്കാൻ ആണ് വിവാഹമെന്നും റോബിന് 49വയസും ഇരയ്ക്ക് 25 വയസായെന്നും കോടതിയുടെ ചോദ്യത്തിനായുള്ള മറുപടിയായി അഭിഭാഷകൻ അറിയിച്ചു.
ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ കാരണം വിവാഹം നടത്തുന്നതിന് ജയിൽ സൂപ്രണ്ടിന് കത്ത് പോലും നൽകാൻ കഴിയാത്ത സാഹചര്യം ആണെന്നും അമിത് ജോർജ് അറിയിച്ചതോടെ ഞങ്ങൾ ജാമ്യം അനുവദിക്കില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ആകും ഹൈക്കോടതി പരാമർശങ്ങൾ നടത്തിയത്. ഞങ്ങൾ അതിൽ ഇടപെടേണ്ട കാര്യമില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.
ജാമ്യാപേക്ഷയിൽ വിവാഹം കഴിക്കാനുള്ള തന്റെ മൗലിക അവകാശം എങ്ങനെ ഹൈക്കോടതിക്ക് നിഷേധിക്കാൻ ആകും? ഹൈക്കോടതി പരാമർശങ്ങൾ വിവാഹത്തിന് തടസ്സം ആണെന്നും അമിത് ജോർജ് വാദിച്ചതോടെ ഈ സാഹചര്യം നിങ്ങൾ സൃഷ്ടിച്ചത് ആണെന്നും നിങ്ങൾക്ക് ഹൈകോടതിയെ സമീപിക്കാം. ഞങ്ങൾ ജാമ്യം അനുവദിക്കില്ലെന്നും സുപ്രീംകോടതി സ്പഷ്ടമാക്കി.
Discussion about this post